എണ്ണ ഇറക്കുമതിയില്‍ ആശങ്ക: അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ബദല്‍ സംവിധാനം കണ്ടെത്താനാകാതെ ഇന്ത്യ…

ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവേണ്ടി വന്ന ഇന്ത്യയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിലയിലും ഗുണത്തിലും ഇറാനില്‍നിന്നുള്ള ക്രൂഡോയിലിന് സമമായ മറ്റൊരു വിപണി കണ്ടെത്താനാകാത്തത് ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇക്കാര്യം രാജ്യം സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ ശ്രദ്ധയില്‍പെടുത്തുമെന്നാണ് സൂചന.

ഈ മാസം 24 നാണ് പോംപിയോ ഇന്ത്യയിലെത്തുന്നത്. ഇറാനില്‍നിന്നുളള എണ്ണ ഇറക്കുമതി അമേരിക്കന്‍ ഉപരോധം കാരണം സമീപകാലത്തൊന്നും ഇന്ത്യയ്ക്ക് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പുതിയ വിപണികള്‍ കണ്ടെത്താന്‍ അധികൃതര്‍ ശ്രമം നടത്തിയത്. എന്നാല്‍ വിലയുടെ കാര്യത്തിലുള്‍പ്പെടെ ഇറാനില്‍നിന്ന് ലഭിച്ച ക്രൂഡോയിലിന് സമാനമായ രീതിയിലുള്ള വിപണി കണ്ടെത്താനാകാത്തതാണ് ഇന്ത്യയെ ബുദ്ധിമുട്ടിലാക്കുന്നത്.

ഇതിന് പുറമെ ഇറാനുമായുള്ള ഇന്ത്യയുടെ നിക്ഷേപ സഹകരണത്തെയും അമേരിക്കന്‍ സമ്മര്‍ദ്ദം ബാധിക്കുന്നുണ്ട്.് ഇറാനിലെ ഫര്‍സാദ് ബി ബോക്ക് വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമവും അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവതാളത്തിലായിരിക്കയാണ്. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ, എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനായിരുന്നു ഈ ബ്ലോക്ക് വികസിപ്പിക്കാനുള്ള കരാര്‍ ലഭിച്ചത്. 2008 ലാണ് ഈ മേഖലയില്‍ എണ്ണശേഖരമുണ്ടെന്ന് കണ്ടെത്തിയത്. ഇത് വികസിപ്പിക്കുന്നതിന് പുതിയ കരാര്‍ ഒപ്പിടേണ്ട സാഹചര്യത്തിലാണ് അമേരിക്ക ഏകപക്ഷീയമായി ഇറാനെതിരെ ഉപരോധ്ം ഏര്‍പ്പെടുത്തുന്നതും ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഇറാനില്‍നിന്നുള്ള ഇറക്കുമതി നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നതും.

ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ 10 ശതമാനം ഇറാനില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. സൗജന്യ ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇന്‍ഷൂറന്‍സ്, ദീര്‍ഘകാല വായ്പ സൗകര്യം എന്നിവയാണ് ഇറാനില്‍നിന്നുള്ള ഇറക്കുമതി ഇന്ത്യയെ സംബന്ധിച്ച് ആകര്‍ഷകമാക്കുന്നത്.

ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ രൂപപ്പെട്ടത്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിന് അമേരിക്ക നിര്‍ദ്ദേശിച്ച കാലവധി കഴിഞ്ഞ മാസം രണ്ടാം തീയതി അവസാനിച്ചിരുന്നു. അമേരിക്കന്‍ നിര്‍ദ്ദേശത്തിന് വഴങ്ങി ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുകയും ചെയ്തു. ഇക്കാര്യം കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മാത്രമെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയുവെന്ന നിലപാടാണ് സ്വീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: