പാട്രിക് ഷാനഹാനെ പെന്റഗണ്‍ മേധാവിയായി നിയമിക്കില്ല; കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കട്ടെയെന്ന് ട്രംപ്…

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയായി പാട്രിക് ഷാനഹാനെ നിയമിക്കുവാനുള്ള തീരുമാനം തല്‍ക്കാലം പിന്‍വലിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സമയത്ത് പെന്റഗണിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കാവുന്ന നടപടിയാണിത്. ‘നിലവില്‍ ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായ പാട്രിക് ഷാനഹാനെ തല്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതായും, ഇനിമുതല്‍ അദ്ദേഹത്തിന് തന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാമെന്നും’ ട്രംപ് ട്വീറ്റ് ചെയ്തു.

കരസേന സെക്രട്ടറി മാര്‍ക്ക് എസ്പറിനെയാണ് അടുത്ത പ്രതിരോധ സെക്രട്ടറിയാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇതുവരെ ക്യാബിനറ്റ് പോസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടില്ല. ഷാനഹാനെതിരെയുള്ള ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം മറനീക്കി പുറത്തു വന്നിരുന്നു.

ചൊവ്വാഴ്ച രാവിലെ ഷാനഹാന്‍ രാജിക്കത്ത് സമര്‍പ്പിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചു. ‘ഞാന്‍ അദ്ദേഹത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടില്ല, എന്നാല്‍ അല്‍പ്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നതെന്നും, ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകാര്യമായിപ്പോയി എന്നും’- ട്രംപ് പറഞ്ഞു. 2010-ല്‍ ഷാനഹാനും മുന്‍ ഭാര്യയും പരസ്പരം നടത്തിയ ഗാര്‍ഹിക പീഡന ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം നടത്തുകയാണെന്ന് ‘യു.എസ്.എ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘അത്യന്തം വേദനാജനകവും തീര്‍ത്തും വ്യക്തിപരവുമായ കുടുംബ പ്രശ്‌നത്തെ അപൂര്‍ണ്ണവും തെറ്റിദ്ധാരണാജനകവുമായ രീതിയില്‍ വരച്ചുകാട്ടുന്നത് ദൗര്‍ഭാഗ്യകാര്യമാണെന്ന്’ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഷാനഹാന്‍ പറഞ്ഞു. തന്റെ മൂന്നു മക്കളും ജീവിതത്തിലെ ഏറ്റവും മോശം കാലത്തേക്ക് തിരിച്ചുപോയി ഒരുപാട് സമയമെടുത്ത് ഉണക്കിയ മുറിവുകള്‍ വീണ്ടും തുറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ സെക്രട്ടറിയാകാനുള്ള അവസരത്തെ സ്വാഗതം ചെയ്ത ഷാനഹാന്‍, നല്ലൊരു അച്ഛനാവുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും പറഞ്ഞു.

മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ രാജിക്ക് ശേഷം ആറുമാസം മുമ്പാണ് ഷാനഹാന്‍ ചുമതലയേറ്റത്. ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ആക്കംകൂട്ടി മിഡില്‍ ഈസ്റ്റിലേക്ക് സൈന്യത്തെ അയച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

Share this news

Leave a Reply

%d bloggers like this: