യൂറോപ്യന്‍ യൂണിയന്‍ നേതൃമാറ്റം ഉടന്‍; ചര്‍ച്ചകള്‍ കൊഴുക്കുന്നു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ തലപ്പത്തുനിന്ന് നവംബറില്‍ പടിയിറങ്ങുന്ന ഴാങ് ക്‌ളോദ് ജങ്കറുടെയും ഡോണള്‍ഡ് ടസ്‌കിന്റെയും പിന്‍ഗാമികളെ കണ്ടെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് യൂണിയന്റെ മുന്‍ഗണന ഏതൊക്കെ വിഷയങ്ങളിലായിരിക്കും എന്നതിനെ കൂടി അടിസ്ഥാനമാക്കിയായിരിക്കും പുതിയ നേതാക്കളുടെ തെരഞ്ഞെടുപ്പ്.

യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ പ്രസിഡന്റാണ് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ശക്തമായ അധികാര സ്ഥാനം. ലക്‌സംബര്‍ഗ് പ്രധാനമന്ത്രിയായിരുന്ന ജങ്കറാണ് 2014 മുതല്‍ ഈ സ്ഥാനം വഹിക്കുന്നത്. യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷനാണ് ടസ്‌ക്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അടുത്ത ടേമില്‍ ബ്രെക്‌സിറ്റ് പ്രധാന വിഷയമാകില്ലെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടന് പുതിയ പ്രധാനമന്ത്രി വരുന്നതോടെ ഈ പ്രശ്‌നത്തിന് സ്വാഭാവിക അന്ത്യമാകുമെന്നാണ് പ്രതീക്ഷ. ബോറിസ് ജോണ്‍സനായാലും എതിരാളികളാരെങ്കിലുമായാലും, ബ്രെക്‌സിറ്റ് സമയത്തു നടപ്പാക്കുക എന്നതു തന്നെയാണ് ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയുടെ പ്രധാന അജന്‍ഡ എന്നതിനാല്‍ യൂറോപ്യന്‍ നേതൃത്വത്തിന് ഇനിയതൊരു തലവേദനയാകാനിടയില്ല.

യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മാന്‍ഫ്രീഡ് വെബര്‍, ലിബറലുകളുടെ മാര്‍ഗ്രീത്ത് വെസ്‌ററഗര്‍, സോഷ്യലിസ്റ്റുകളുടെ ഫ്രാന്‍സ് ടിമ്മര്‍മാന്‍സ്, ഗ്രീന്‍ പാര്‍ട്ടിയുടെ സ്‌കാ കെല്ലര്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ജങ്കറുടെ പിന്‍ഗാമിയാകാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രധാന പാര്‍ട്ടികള്‍ക്കിടയില്‍ സമവായം രൂപപ്പെടുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ മുതല്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വരെയുള്ളവര്‍ പരിഗണിക്കപ്പെടും.

Share this news

Leave a Reply

%d bloggers like this: