ബ്രിട്ടീഷ് പ്രധാനമന്ത്രി പദം: അവസാന ഘട്ടത്തില്‍ ബോറിസ് ജോണ്‍സണും ജെറമി ഹണ്ടും

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രികാന്‍ ബോറിസ് ജോണ്‍സണും ജെറമി ഹണ്ടും തമ്മില്‍ മത്സരം. മത്സരരംഗത്തുണ്ടായിരുന്ന മൈക്കല്‍ ഗോവ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നാം സ്ഥാനത്തായതോടെ പുറത്തായി. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഒരു ലക്ഷത്തി അറുപതിനായിരത്തോളം അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയാകേണ്ട നേതാവിനെ കണ്ടെത്തും. രാജ്യമെങ്ങും സഞ്ചരിച്ച് പുതിയ ബ്രെക്‌സിറ്റ് പദ്ധതി തയ്യാറാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ജൂലായ് 22ന് ശേഷമാകും പ്രധാനമന്ത്രിയാരെന്ന് അറിയാനാവുക.

എംപിമാര്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ എല്ലാ റൗണ്ടിലും മുന്നിട്ടു നിന്ന ബോറിസ് ജോണ്‍സണ്‍ അവസാന റൗണ്ടില്‍ പകുതിയിലധികം പേരുടെ പിന്തുണയോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബോറിസ് ജോണ്‍സണ്‍ ഇന്നലെ നടന്ന നാലാം റൗണ്ടിലും അവസാന റൗണ്ടിലും മുന്നേറ്റം തുടര്‍ന്നു. ഒന്നാം റൗണ്ടില്‍ 114, രണ്ടാം റൗണ്ടില്‍126, മൂന്നാം റൗണ്ടില്‍ 143, നാലാം റൗണ്ടില്‍ 150, ആഞ്ചാം റൗണ്ടില്‍ 160 എന്നിങ്ങനെ വന്‍ ഭൂരിപക്ഷത്തിലാണ് ബോറിസ് ഒന്‍പത് എതിര്‍ സ്ഥാനാര്‍ഥികളെയും ബഹുദൂരം പിന്നിലാക്കിയത്.

160,000 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ രഹസ്യ ബാലറ്റിലൂടെയാകും ഇനി പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ജൂണ്‍ 22 മുതല്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. നാലാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ 22ന് ഫലം പ്രഖ്യാപിക്കും.

തുടക്കം മുതല്‍ എംപിമാരുടെ വന്‍ പിന്തുണയോടെ മുന്നേറിയ ബോറിസ് ജോണ്‍സണ്‍ സ്ഥാനാര്‍ഥിയായി വരുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്തെത്താന്‍ മൈക്കിള്‍ ഗോവും ജെറമി ഹണ്ടും തമ്മില്‍ ശക്തമായ മല്‍സരം നടന്നു. ഒടുവില്‍ കേവലം രണ്ട് വോട്ടിനാണ് ഗോവ് പുറത്തായത്. തെരേസ മേയ്‌ക്കെതിരെയും ഗോവ് ശക്തമായ മല്‍സരം കാഴ്ചവച്ചിരുന്നു. ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പില്‍തന്നെ മല്‍സരരംഗത്തുണ്ടായിരുന്ന ഹോം സെക്രട്ടറി സാജിദ് ജാവേദ് പുറത്തായി. തുടര്‍ന്നാണ് രണ്ടാമനെ കണ്ടെത്താന്‍ അവസാനവട്ട വോട്ടെടുപ്പ് നടന്നത്.
എംപിമാര്‍ നല്‍കിയ അംഗീകാരത്തില്‍ സംതൃപ്തിയും അഭിമാനവുമുണ്ടെന്നും തന്റെ ബ്രെക്‌സിറ്റ് നിലപാടുകളും മറ്റും വിശദീകരിച്ച് വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം പ്രചാരണം നടത്തുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
എംപിമാര്‍ക്കിടയിലെ വോട്ടെടുപ്പില്‍ ബഹുദൂരം മുന്നിലെത്തിയ ജോണ്‍സണെ അഭിനന്ദിച്ച ജെറമി ഹണ്ട് എന്നാല്‍ രാഷ്ട്രീയത്തില്‍ അദ്ഭുതങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന വിശ്വാസത്തിലാണ്.

Share this news

Leave a Reply

%d bloggers like this: