രാജ്യത്തെ 38 ആശുപത്രികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍ ആക്കിക്കൊണ്ട് ആശുപത്രി സമരം ; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ സമരം തുടരുക തന്നെ ചെയ്യുമെന്ന് യൂണിയനുകള്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികളില്‍ ഒരു വിഭാഗം ജീവനക്കാരോട് ആരോഗ്യവകുപ്പ് കാണിക്കുന്ന അനീതിയില്‍ പ്രതിഷേധിച്ചു ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് നടത്തിയ സമരം പൂര്‍ണം. രാജ്യത്തെ 38 ഓളം ആശുപത്രികളിലെ പതിനായിരത്തിലധികം വരുന്ന സപ്പോര്‍ട് സ്റ്റാഫ് ആണ് ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തത്.

ഗ്രേഡ് കുറഞ്ഞ ഒരു വിഭാഗം ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമര പരിപാടിയുമായി ജീവനക്കാര്‍ മുന്നോട്ട് പോയത്. ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റ്‌സ്, തീയേറ്റര്‍ അസ്സിസ്റ്റന്റ്‌സ്, പോര്‍ട്ടേഴ്സ് , ഷെഫ് , ക്ലീനേഴ്സ് തുടങ്ങിയ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്.

ഈ വര്‍ഷത്തില്‍ ഇവര്‍ മുന്‍പും സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്നിരുന്ന 24 മണിക്കൂര്‍ സമരം വര്‍ക്ക് പ്ലെയിസ് റിലേഷന്‍സ് കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. യൂണിയനും, ആരോഗ്യവകുപ്പും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്നലെ വീണ്ടും സമരം നടത്തുകയായിരുന്നു.

ഓരോ ജീവനക്കാര്‍ക്കും 1500 യൂറോ മുതല്‍ 3000 യൂറോ വരെ ശമ്പളം പരിഷ്‌കരണം ആവശ്യപ്പെട്ടായിരുന്നു സമരം. ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ സമര ദിവസം തന്നെ ജുഡീഷ്യറിയുടെ ശമ്പളം വര്‍ദ്ധിപ്പിച്ചത് സപ്പോര്‍ട്ട് സ്റ്റാഫിനോടുള്ള അവഗണനയാണ് ഉയര്‍ത്തികാണിക്കുന്നതെന്നും യൂണിയന്‍ അംഗങ്ങള്‍ പറയുന്നു. യൂണിയനുമായി ഇന്നും ചര്‍ച്ച നടക്കിനിക്കുകയാണ്. ഇതും ഫലം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് യൂണിയന്റെ തീരുമാനം.

Share this news

Leave a Reply

%d bloggers like this: