മോദിയെ വിമര്‍ശിക്കുന്ന പ്രമുഖ ദിനപത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നു; വ്യാപക പ്രതിഷേധം….

രാജ്യത്തെ പ്രമുഖ ദിനപത്രങ്ങള്‍ക്ക് കേ്ന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ദി ഹിന്ദു, എകണോമിക്‌സ് ടൈംസ്, ദി ടെലിഗ്രാഫ്, ആനന്ദ ബസാര്‍ പത്രിക തുടങ്ങിയ പത്രങ്ങള്‍ക്കാണ് പരസ്യം നിഷേധിച്ചത്. തിരഞ്ഞെടുപ്പ് സമയത്തുള്‍പ്പെടെ സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ഇതിനെ പൊതുവെ വിലയിരുത്തുന്നത്.

റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള സീരീസ് പുറത്ത് വിട്ടതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ദി ഹിന്ദുവിന് പരസ്യം നല്‍കാതിരിക്കാന്‍ ആരംഭിച്ചത്. സമീര്‍- വിനീത് ജയിന്‍ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപിന് ജൂണ്‍ മുതലും പരസ്യം നിഷേധിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ നരേന്ദ്രമോദിയുടെ ചട്ടലംഘനങ്ങളെ കുറിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കുകയും, സര്‍ക്കാറിരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതിനാണ് ടെലഗ്രാഫ്, സഹസ്ഥാപനമായ എബിപി എന്നിവയ്‌ക്കെതിരായ നടപടിക്ക് പിന്നില്‍ എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് പ്രമുഖ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിക്കാന്‍ ഇടയാക്കിയതെന്ന് കോണ്‍ഗ്രസ് ലോക് സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പാര്‍ലമെന്റില്‍ ആരോപിച്ചു. പരസ്യങ്ങള്‍ നിഷേധിക്കുന്നതിലൂടെ മാധ്യങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നായിരുന്നു ചൗധരിയുടെ നിലപാട്.

ചില പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എവിടെയും ഇത്തരമൊരു ഉത്തരവ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രസ്തുത തീയ്യതിവരെ പരസ്യം നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്റ് കമ്യൂണിക്കേഷന്‍ (ബിഒസി) ഡയറക്ടര്‍ ജനറല്‍ സത്യേന്ദ്ര പ്രകാശ് തയ്യാറായിട്ടില്ല.

എന്നാല്‍, ചില സമയവും സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തില്‍ പരസ്യം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ഇത് അതത് കാലത്തെ സര്‍ക്കാറിന്റെ അജണ്ടകളും രാഷ്ട്രീയ നിലപാടുകളും ഇതിനെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു. പരസ്യങ്ങള്‍ നല്‍കുന്നത് വായനക്കാരുടെ സ്വഭാവവും, പത്രത്തിന്റെ പ്രചാരവും കണക്കിലെടുത്താണ്. ഒരു മന്ത്രാലയം ഒരു പരസ്യം നല്‍കുമ്പോള്‍ അതിന്റെ സ്വഭാവം അനുസരിച്ചുള്ള മാധ്യങ്ങളെയാണ് ബിഒസി തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. നേരത്തെ യുപിഎ സര്‍ക്കാറിന്റെ കാലത്തും സമാനമായ പരസ്യ നിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഗുജറാത്ത് സമാചാര്‍, രാജസ്ഥാന്‍ പത്രിക എന്നിവയ്ക്ക് പരസ്യം നിഷേധിച്ചിരുന്നെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ പത്രങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ അവസരമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, പരസ്യ നിഷേധം പത്രങ്ങളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നത് വായനക്കാരെയാണെന്നാണ് ചില ഉദ്യോഗസ്ഥരുടെ വാദം. ദക്ഷിണേന്ത്യയില്‍ വലിയ വായനക്കാരുള്ള ദി ഹിന്ദുവിനെതിരായ നീക്കത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്താന്‍ വൈകുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ ചില ദേശീയ ദിനപത്രങ്ങളില്‍ പരസ്യം നല്‍കുന്നത് ഗുണം ചെയ്യുന്നില്ലെന്ന മോദി സര്‍ക്കാറിന്റെ വിലയിരുത്തലും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്. എന്നാല്‍ രാഷ്ട്രീയ പരമായ പരസ്യങ്ങളില്‍ നിലപാട് വ്യത്യസ്തമാണ്. ഇത്തരം പരസ്യങ്ങള്‍ കൂടുതല്‍ പേരില്‍ എത്തണം എന്നുള്ളതിനാല്‍ തന്നെ ഇവ പരമാവധി പബ്ലിക്കേഷനുകള്‍ക്ക് നല്‍കാറുണ്ടെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ കണക്കുകള്‍ പ്രകാരം പ്രതിമാസം 15 കോടിയുടെ പരസ്യമാണ് ടൈംസ് ഗ്രൂപ്പിന് മാത്രം സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ ലഭിച്ചിരുന്നത്. ദി ഹിന്ദുവിന് ഇത് പ്രതിമാസം 4 കോടിയോളവും വരും.

Share this news

Leave a Reply

%d bloggers like this: