സുഡാന്‍ പ്രക്ഷോഭം: നിര്‍ത്തിവെച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ലോകം കണ്ടത് മനുഷ്യത്വം മരവിപ്പിക്കുന്ന അതിക്രമങ്ങള്‍…

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയ സുഡാനില്‍ കഴിഞ്ഞ ദിവസം സര്‍വീസ്സുകള്‍ പുനരാരംഭിച്ചു. അതോടെ പല ഞെട്ടിക്കുന്ന വിവരങ്ങളുമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ അതിക്രൂരമായ അടിച്ചമര്‍ത്തലുകളുടെ ദൃശ്യങ്ങളാണ് അതിലെ പ്രധാന ഉള്ളടക്കം. ഖാര്‍ത്തുമിലെ സൈനിക ആസ്ഥാനത്തിന് പുറത്ത് ആഴ്ചകളോളം കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിഷേധക്കാരുടെ കൂട്ടം ജൂണ്‍ മൂന്നിന് അക്രമാസക്തമാവുകയും അതിനെ തുടര്‍ന്ന് സൈനിക നടപടിയില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊലപാതകങ്ങളുടെയും മര്‍ദ്ദനങ്ങളുടെയും ക്രൂരമായ രംഗങ്ങളാണ് പുറത്തുവരുന്നത്. കരുണയോ മതമോ മനുഷ്യത്വമോ ഇല്ലാതെയാണ് സൈന്യം പെരുമാറിയതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

അധികാരം കൈയ്യാളിയിരുന്ന സുഡാനിലെ സൈന്യം രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം റദ്ദാക്കിയതിനാല്‍ ഈ ക്രൂരകൃത്യങ്ങളെ കുറിച്ച് അധികമൊന്നും പുറം ലോകം അറിഞ്ഞില്ല. കഴിഞ്ഞ ആഴ്ചയാണ് അത് പുനരാരംഭിച്ചത്. അതോടെ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാന്‍ തുടങ്ങി. ഒരു സൈനികന്‍ നിലത്തു വീണുകിടക്കുന്ന പ്രധിഷേധക്കാരന്റെ മുഖത്ത് ബൂട്ടിട്ടു ചവുട്ടുന്നതും, നിരവധി സൈനികര്‍ വട്ടം ചുറ്റി നോക്കി നില്‍ക്കുമ്പോള്‍ ഒരാള്‍ ഒരു കൌമാരക്കാരിയെ കഴുത്ത് പിടിച്ചു ഞെരിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ ഉണ്ട്.

അതേസമയം ഈ ദൃശ്യങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും സേന ഇത്തരം കൃത്യങ്ങള്‍ നടത്തിയിട്ടില്ലെന്നുമാണ് രാജ്യത്തെ ഭരണസമിതിയുടെ ഡെപ്യൂട്ടി ചീഫ് കൂടിയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ദഗലോ പറഞ്ഞത്. വിദേശ ചാര സംഘടനകളാണ് ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം, ചിലര്‍ ഒരു ദിവസം 59 വീഡിയോകള്‍വരെ ഷൂട്ട് ചെയ്തിട്ടുണ്ട് അതെങ്ങിനെ സാധിക്കുമെന്നും ചോദിക്കുന്നു. എന്നാല്‍ ദഗലോയുടെ വാക്കുകള്‍ ജനങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്തത്.

സുഡാനിലെ സൈന്യവും പ്രതിപക്ഷ പ്രതിഷേധ ഗ്രൂപ്പുകളുംതമ്മില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അധികാരം പങ്കിടാനുള്ള ധാരണയിലെത്തിയിരുന്നു. ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. ഒരു ജനകീയ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള സമയപരിധി മെയ് മാസത്തില്‍ അവസാനിച്ചതാണ്. എന്നാല്‍, ഭരണമാറ്റത്തിനിടയാക്കിയ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് അഭ്യന്തര കലഹം രൂക്ഷമാകിയത്.

Share this news

Leave a Reply

%d bloggers like this: