ഹോങ്കോങ് ജനകീയ പ്രക്ഷോഭം അതിശക്തമാകുന്നു; ചൈനീസ് പതാകയോടും അവഗണന…

അറസ്റ്റ് ഭീഷണിയും ചൈനയുടെ മുന്നറിയിപ്പും വയ്ക്കാതെ ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം കനക്കുകയാണ്. മഞ്ഞയും വെള്ളയും തൊപ്പികള്‍ ധരിച്ച പ്രക്ഷോഭകാരികള്‍ ‘ഇത് വിപ്ലവകാല’മെന്ന മുദ്രാവാക്യവുമായാണ് തെരുവുകള്‍ കീഴടക്കുന്നത്. ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ലിനെതിരേ രണ്ട് മാസം മുമ്പ് തുടങ്ങിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗവണ്‍മെന്റ് ജീവനക്കാരും ആരോഗ്യരംഗത്തേയും സാമ്പത്തികമേഖലയിലെയും ജീവനക്കാരും എത്തിയതോടെ ജനരോഷം പുതിയ തലത്തിലെത്തിയിരിക്കയാണ്. തിങ്കളാഴ്ച ബഹുജന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊലീസ് മുന്‍കൂട്ടി അംഗീകാരം നല്‍കിയ പ്രദേശത്തിലൂടെ മാത്രമേ പ്രധിഷേധ പ്രകടനവുമായി പോകാവൂ എന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എല്ലാം അവഗണിച്ച് മുന്നേറിയ സമരക്കാര്‍ ചൈനീസ് ദേശീയ പതാക അടര്‍ത്തിയെടുത്ത് പുഴയിലെറിഞ്ഞു. ഈ മുന്‍ ബ്രിട്ടീഷ് കോളനിയുടെ മേല്‍ 22 വര്‍ഷമായി പരമാധികാരം വഹിക്കുന്ന ചൈനയ്ക്ക് ശക്തമായ വെല്ലുവിളിയാവുകയാണ് ഈ പ്രക്ഷോഭം.

പൊലീസ് മുന്നറിയിപ്പുകള്‍ ലംഘിച്ചുകൊണ്ടാണ് മോങ് കോക്കില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കപ്പെട്ടത്. പ്രതിഷേധക്കാര്‍ കടന്നുപോകുന്ന റോഡിനിരുവശത്തും കടകളെല്ലാം അടഞ്ഞുകിടന്നു. ജനങ്ങള്‍ പിന്തുണയുമായി റോഡിനിരുവശവും നിലകൊണ്ടു. പൊലീസ് നടപടി നേരിടാന്‍ പലരും മുഖാവരണവും കരുതിയിരുന്നു. തിങ്കളാഴ്ച നഗരവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് പ്രധിഷേധ മുഖത്ത് അണിനിരക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ഏറെ നാളായി തുടരുന്ന സമരം ഞങ്ങളെയും വിഷമിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങള്‍ ഹോങ്കോങുകാരാണ്. ഇവിടെ ജനിച്ച് ജീവിക്കുന്നവരാണ്. അതിനാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അവസാനം വരെ പോരാടും’- പ്രധിഷേധക്കാര്‍ പറയുന്നു.

അതേസമയം, വെള്ളവസ്ത്രം ധരിച്ച ആയിരക്കണക്കിന് ആളുകള്‍ പൊലീസിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം വിക്ടോറിയ പാര്‍ക്കില്‍ പ്രത്യേകമായി ഒത്തുകൂടിയിരുന്നു. ചൈനീസ് – ഹോങ്കോംഗ് പതാകകളേന്തിയ അവര്‍ ഭരണകൂടത്തിന് അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. അവര്‍, ഞങ്ങളാണ് യഥാര്‍ത്ഥ ഹോങ്കോങുകാര്‍ എന്നാവകാശപ്പെടുകയും, ബഹുജന പ്രതിഷേധത്തെ തള്ളിക്കളയുകയും ചെയ്തു.

കുറ്റവാളികളെ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിചാരണയ്ക്ക് കൈമാറാനുള്ള ബില്‍ നിയമമാക്കില്ലെന്ന് ഹോങ്കോങ് ഭരണാധികാരി കാരിം ലാം അറിയിച്ചെങ്കിലും പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് അറസ്റ്റുചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഹോങ്കോങ്ങില്‍ നടക്കുന്നതെന്നാണ് ചൈന പറയുന്നത്. തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായി നേരിടുമെന്നും മുന്നറിയിപ്പ് നല്‍കിയ ചൈനീസ് അധികൃതര്‍ പ്രക്ഷോഭം നേരിടാന്‍ സൈനികര്‍ തയ്യാറെടുപ്പ് നടത്തുന്നതിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: