ടാറ്റ മോട്ടേഴ്‌സ് പതനത്തിലേക്ക്; ജംഷഡ്പൂര്‍ പ്ലാന്റ് താല്‍ക്കാലികമായി അടച്ചു; സാമ്പത്തിക മാന്ദ്യത്തില്‍ അടിപതറി മോട്ടോര്‍ വ്യവസായം…

റിപ്പോര്‍ട്ടുകള്‍ പറയുന്നതു പ്രകാരം ജംഷഡ്പൂരിലെ ആദിത്യപൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മുപ്പതോളം സ്റ്റീല്‍-അനുബന്ധ വ്യവസായ കമ്പനികളെങ്കിലും പൂട്ടല്‍ ഭീഷണിയിലാണ്. പന്ത്രണ്ടോളം കമ്പനികള്‍ ഇതിനകം തന്നെ ഷട്ടറിട്ടു കഴിഞ്ഞു. ഓട്ടോമൊബൈല്‍ മേഖലയില്‍ തുടരുന്ന വന്‍ മാന്ദ്യത്തിന്റെ തുടര്‍ച്ചയാണിത്. ഓട്ടോമൊബൈല്‍ അനുബന്ധ വ്യവസായങ്ങളാണ് ആദിത്യപൂരില്‍ അധികവും.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാവും ഉരുക്ക് വ്യവസായ ഭീമനുമായ ടാറ്റാ മോട്ടോഴ്‌സും പ്രതിസന്ധി നേരിടാന്‍ പ്രയാസപ്പെടുന്നതായാണ് വിവരം. ടാറ്റയുടെ ജംഷഡ്പൂര്‍ പ്ലാന്റ് കഴിഞ്ഞ മാസം മുതല്‍ പലതവണയായി കുറച്ചു ദിവസങ്ങളിലേക്ക് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഏറ്റവുമൊടുവില്‍ പ്ലാന്റ് പൂട്ടിയിട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ആയിരത്തിലധികം കരാര്‍ തൊഴിലാളികളോട് 12 ദിവസത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ടാറ്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഓഗസ്റ്റ് 12നാണ് ജോലിയില്‍ തിരിച്ചു കയറേണ്ടത്. സ്ഥിരം തൊഴിലാളികള്‍ ഓഗസ്റ്റ് അഞ്ചിന് ജോലിക്ക് തിരിച്ചു കയറിയാല്‍ മതിയാകും.

കഴിഞ്ഞ രണ്ടു മാസമായി ഈ പ്ലാന്റില്‍ 15 ദിവസത്തില്‍ക്കൂടുതല്‍ ഉല്‍പാദനം നടന്നിട്ടില്ല. ഓഗസ്റ്റ് മാസത്തില്‍ ഒരാഴ്ച മാത്രം ഉല്‍പാദനം നടത്താനുള്ള ഓര്‍ഡറുകളേ ലഭിച്ചിട്ടുള്ളൂ ടാറ്റയ്ക്ക്. ഇതോടെ ടാറ്റ മാത്രമല്ല, ടാറ്റയെ ആശ്രയിച്ച് കഴിയുന്ന ആയിരത്തോളം ഇതര സ്ഥാപനങ്ങളുടെ കൂടി പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുയാണ്. വിപണിയില്‍ ഡിമാന്‍ഡ് വന്‍തോതില്‍ കുറഞ്ഞതാണ് മാന്ദ്യത്തിന് കാരണം. ഡിമാന്‍ഡ് കുറഞ്ഞതിനൊപ്പം വൈദ്യുതി നിരക്കുകളില്‍ വന്ന വന്‍ വര്‍ധന സ്റ്റീല്‍ മേഖലയെ വലുതായി ബാധിച്ചിട്ടുണ്ട്.

സെപ്തംബര്‍ മാസത്തോടെ സ്ഥിതിഗതികളില്‍ അനുകൂലമായ മാറ്റം വരുമെന്നാണ് ആദിത്യപൂര്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഇന്ദര്‍ അഗര്‍വാള്‍ പറയുന്നത്. കമ്പനിക്ക് സാധാരണ ലഭിക്കാറുള്ളതിനെ അപേക്ഷിച്ച് 40% കുറവ് ഓര്‍ഡറുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ 38% കണ്ടാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. നേരിട്ടും അല്ലാതെയും ഉരുക്കുവ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മുപ്പതിനായിരത്തോളം പേരുടെ തൊഴിലാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

ജംഷഡ്പൂര്‍ പ്ലാന്റില്‍ പതിനായിരത്തോളം തൊഴിലാളികളാണ് ആകെയുള്ളത്. ഇവിടെ ട്രക്കുകള്‍, ട്രിപ്പറുകള്‍ തുടങ്ങിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മാസത്തില്‍ 12000 വാഹനങ്ങള്‍ ഈ പ്ലാന്റില്‍ നിന്നും പുറത്തു വന്നു കൊണ്ടിരുന്നതാണ്. ഇപ്പോഴിത് 3500 വാഹനങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ആകെ വാഹന വില്‍പ്പനയില്‍ ജൂലൈ മാസത്തില്‍ 34% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 32,938 യൂണിറ്റ് മാത്രമാണ് ജൂലൈയിലെ വില്‍പ്പന. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ടാറ്റ വിറ്റഴിച്ചത് 50,100 വാഹനങ്ങളായിരുന്നു. രാജ്യത്തെ സാമ്പത്തിക മാന്ദ്യം തന്നയാണ് ഈ ഇടിവിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: