കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം എത്തും

ന്യൂഡല്‍ഹി : വടക്കന്‍ സംസ്ഥാനങ്ങളിലെ പ്രളയവും, ദുരിതങ്ങളും നേരിട്ട് കാണാനെത്തുന്ന കേന്ദ്ര സംഘം കേരളത്തില്‍ എത്താത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജ്യത്ത് ബീഹാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മഴക്കെടുതി മൂലം മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

ബി.ജെ.പി യോ, സഖ്യ കക്ഷികളോ ഭരിക്കുന്ന സംസ്ഥാങ്ങളില്‍ വാരിക്കോരി പ്രളയ ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തെ അവഗണിക്കുന്നതായി സംസ്ഥാനം ആരോപണം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ പ്രളയ കാലത്തും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സംസ്ഥാനം എന്ന പരിഗണന പോലും കേരളത്തിന് നല്കിയിരുന്നില്ല. പ്രധാനമന്ത്രി നേരിട്ട് ദുരന്തം കണ്ടറിഞ്ഞിട്ടും കേരളത്തിന് അര്‍ഹമായതൊന്നും ലഭിച്ചിരുന്നില്ല.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് കേന്ദ്ര സംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ മാത്രം കേന്ദ്ര സംഘത്തെ അയയ്ക്കുക എന്ന രീതി മാറും. ഇനി മുതല്‍ പ്രകൃതി ദുരന്തം എപ്പോളുണ്ടായാലും ഇത്തരത്തില്‍ ഐഎംസിടിയെ (ഇന്‍ര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം) നിയോഗിക്കാന്‍ ഉന്നതല സമിതി തീരുമാനിച്ചു.

പ്രകൃതി ദുരന്തവും സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും ഐഎംസിടി വിലയിരുത്തും. അസം, മേഘാലയ, ത്രിപുര, ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഐഎംസിടി സന്ദര്‍ശനം നടത്തും.

മഹാരാഷ്ട്രയിലേയും കര്‍ണാടകയിലേയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഏരിയല്‍ സര്‍വേ നടത്തുകയും ചെയ്ത അമിത് ഷാ കേരളത്തിലെത്താതിരുന്നത് വിവാദമായിരുന്നു. ഇത് മനപൂര്‍വമാണ് എന്ന് സിപിഎം ആരോപിച്ചിരുന്നു.. വിവിധ സംസ്ഥാനങ്ങളിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നായി എന്‍ഡിആര്‍എഫും ആര്‍മിയും എയര്‍ഫോഴ്സും നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഒന്നര ലക്ഷത്തിലധികം പേരെ രക്ഷിച്ചതായാണ് കണക്ക്.

അതേസമയം ഒഡീഷ, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് അടിയന്തര ധന സഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അധിക ധനസഹായം അനുവദിച്ചിട്ടില്ല. ഒഡീഷയ്ക്ക് 3338.22 കോടി രൂപയും കര്‍ണാടകയ്ക്ക് 1029.39 കോടി രൂപയും അധിക ധനസഹായമായി അനുവദിച്ചു.

Share this news

Leave a Reply

%d bloggers like this: