അമേരിക്ക-താലിബാന്‍ സമാധാന കരാര്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും 5400 സൈനികര്‍ പിന്‍വാങ്ങും

ഭീകര സംഘടനയായ താലിബാനുമായുള്ള സമാധാനക്കരാറിന്റെ ഭാഗമായി 20 ആഴ്ചയ്ക്കുള്ളില്‍ 5,400 സൈനികരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ചേക്കും. താലിബാനുമായി മധ്യസ്ഥശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത അമേരിക്കന്‍ പ്രധിനിധി സല്‍മായ് ഖലീല്‍സാദാണ് വിവരം പുറത്ത് വിട്ടത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയായിരുന്നു പ്രതികരണം. കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അഫ്ഗാന്‍ നേതാക്കളെ അറിയിച്ചതായി സല്‍മെയ് ഖലീല്‍ സാദ്‌ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ അതിന് അന്തിമ അനുമതി നല്‍കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനിടെ കാബൂളില്‍ വലിയൊരു സ്‌ഫോടനം നടന്നു. ഉടന്‍തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍16 പേര്‍ കൊല്ലപ്പെട്ടതായും 119 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് വിദേശ സേനയെ ലക്ഷ്യംവെച്ച് ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ സ്‌ഫോടനം നടത്തിയത്. അടുത്ത ദിവസങ്ങളായി താലിബന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.

പതിനെട്ട് വര്‍ഷങ്ങളായി രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചകള്‍ അഫ്ഗാന് അനുകൂലമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ആശങ്ക പടര്‍ത്തി വീണ്ടും സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയാകുന്നത്.2001-ല്‍ അമേരിക്ക അഫ്ഗാനില്‍ കാലു കുത്തിയതിനു ശേഷം ആദ്യമായി കൂടുതല്‍ പ്രദേശങ്ങളും ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. അമേരിക്കന്‍ പാവകളെന്ന് അവര്‍ പരിഹസിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ ഇതുവരെയവര്‍ കൂട്ടാക്കിയിട്ടുമില്ല.

യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതിനു പകരമായി യുഎസിനെയും സഖ്യകക്ഷികളെയും ആക്രമിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ താവളമായി അഫ്ഗാനിസ്ഥാന്‍ മാറില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. ‘കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുകയാണെങ്കില്‍,135 ദിവസത്തിനുള്ളില്‍ ഇപ്പോഴുള്ള അഞ്ച് താവളങ്ങളും ഞങ്ങള്‍ ഉപേക്ഷിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്’,ഖലീല്‍സാദ് പറഞ്ഞു. നിലവില്‍ 14,000 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

Share this news

Leave a Reply

%d bloggers like this: