കോര്‍ക്കില്‍ ഓണാഘോഷം സെപ്റ്റംബര്‍ 14ന്

അയര്‍ലണ്ട്: തുമ്പയും തുമ്പപ്പൂവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കോടിയുമൊക്കെയായി ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തേരിലേറ്റുവാനും എല്ലാവരും ഒരുപോലെയെന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുവാനും ഒരു ഓണക്കാലം കൂടി വരവായി. മുന്‍കാലങ്ങളിലേതു പോലെ ഈ വര്‍ഷവും കോര്‍ക്കിലെ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി കൗണ്‍സിലും സംയുകതമായി നടത്തുന്ന വിളവെടുപ്പുത്സവം 2019ന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘടനാഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 14 ശനിയാഴ്ച രാവിലെ കൃത്യം ഒന്‍പത് മണിക്ക് കോര്‍ക്ക് ടോഗറിലുള്ള സെന്റ്.ഫിന്‍ബാര്‍ ഹര്‍ലിംഗ് ഹാളില്‍ വച്ച് ഓണാഘോഷത്തിന്റെ തിരശീല ഉയരുന്നതാണ്. അയര്‍ലണ്ടിലെ കിരീടം വയ്ക്കാത്ത രണ്ടു രാജാക്കന്മാര്‍ മാറ്റുരയ്ക്കുന്ന വടംവലി മല്‍സരം ഇത്തവണ യും തീപാറുമെന്നുറപ്പാണ്. വിഭവസമൃദ്ധമായ ഓണസദ്യ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുമ്പോള്‍ അരങ്ങില്‍ മിന്നിമറിയുന്ന കലാപരിപാടികള്‍ ജനസാഗരത്തെ വിളവെടുപ്പുത്സവത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കുകയും ചെയ്യും.

ഒരുമയുടെ ഓണം ഒരുമിച്ചാഘോഷിക്കാന്‍ കോര്‍ക്കിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത: അജേഷ് ജോണ്‍

Share this news

Leave a Reply

%d bloggers like this: