പതിവ് തെറ്റിയില്ല കേരളത്തിലെ കോടീശ്വരന്മാരില്‍ ഒന്നാമത് എം എ യൂസഫലി; രവി പിള്ള, ജോസ് ആലുക്കാസും പട്ടികയില്‍ ഇടംനേടി

ന്യൂഡല്‍ഹി: ഇത്തവണത്തെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ കേരളത്തില്‍ നിന്നും ഇടംപിടിച്ചത് 23 പേര്‍. ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം മുകേഷ് അംബാനി യ്ക്ക് തന്നെ ലഭിച്ചു. വര്‍ഷങ്ങളായി മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ ഒന്നാമത്തെ സമ്പന്നന്‍. 3.8 ലക്ഷം കോടി രൂപയാണ് ആസ്തി. രണ്ടും, മൂന്നും സ്ഥാനങ്ങളില്‍ ഹിന്ദുജ ഗ്രൂപ്പും, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിക്കുമാണ്. കേരളത്തില്‍ നിന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 35,700 കോടി രൂപയുടെ ആസ്തിയോടെ 21 സ്ഥാനത്തെത്തി.

കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനും യൂസഫലി തന്നെയാണ്. പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമന്‍ വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ ഷംഷീര്‍ വയലില്‍ ആണ്. 13,200 കോടി രൂപയാണ് ഷംഷീറിന്റെ ആസ്തി. പട്ടികയില്‍ 58-ാം സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. കേരളത്തില്‍ നിന്നുള്ള സമ്പന്നരില്‍ മൂന്നാം സ്ഥാനം ആര്‍പി ഗ്രൂപ്പ് എംഡി രവി പിള്ളയ്ക്കാണ്. 11,600 കോടിയാണ് ആസ്തി. നാലാം സ്ഥാനം ഗൂഗിള്‍ ക്ലൗഡ് സിഇഒ ആയ തോമസ് കുര്യനാണ്. 10600 കോടിയാണ് ആസ്തി. ആലുക്കാസ് ജ്വല്ലറി സ്ഥാപകന്‍ ജോയ് ആലുക്കാസാണ് 9,400 കോടിയുടെ ആസ്തിയുമായി അഞ്ചാം സ്ഥാനത്തുള്ളത്.

953 പേരുടെ പട്ടികയില്‍ ആണ് കേരളത്തില്‍ നിന്നും 23 പേര്‍ ഇടം നേടിയത്. കേരളത്തില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം നേടിയ ബാക്കി അഞ്ച് പേര്‍ – ശോഭ ലിമിറ്റഡ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ (8,800 കോടി), ഭാര്യ ശോഭ മേനോന്‍ (5,200 കോടി), കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണരാമനും കുടുംബവും (5,200 കോടി ), മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ (4,000 കോടി), മണപ്പുറം ഫിനാന്‍സ് എംഡി വിപി നന്ദകുമാര്‍ (3,700 കോടി) എന്നിവരാണ്.

ഇത്തവണ കേരളത്തില്‍ നിന്ന് ഇടം നേടിയ സമ്പന്നരില്‍ എട്ട് പേര്‍ സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്. ശോഭ മേനോന്‍, ബിന്ദു പിഎന്‍സി മേനോന്‍, സൂസന്‍ തോമസ്, ഷീല കൊച്ചൗസേപ്പ്, അന്ന അലക്‌സാണ്ടര്‍, എലിസബത്ത് ജേക്കബ്, ലത മാത്യൂസ്, സാറാ ജോര്‍ജ് എന്നിവരാണ് കേളത്തിലെ സമ്പന്നരായ വനിതകള്‍

Share this news

Leave a Reply

%d bloggers like this: