സാഹിത്യത്തിനുള്ള നോബൽ സമ്മാനം; വിവാദങ്ങളെ മറികടന്ന് രണ്ട് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി സ്വീഡീഷ് അക്കാദമി…

സ്വീഡീഷ് അക്കാദമി ഈ വര്‍ഷം രണ്ട് സാഹിത്യ നോബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അതു കൂടി ചേര്‍ത്താവും അടുത്തയാഴ്ച രണ്ട് നോബേല്‍ സാഹിത്യ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുക. നോബേല്‍ അക്കാദമിയെ ബാധിച്ചിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പുരുഷ – യൂറോ കേന്ദ്രീകൃത സമീപനങ്ങള്‍ ഒഴിവാക്കി, എല്ലാ വിവാദങ്ങള്‍ക്കപ്പുറമുള്ള സാഹിത്യ പുരസ്‌ക്കാരമായിരിക്കും ഇത്തവണ പ്രഖ്യാപിക്കുകയെന്നാണ് സാഹിത്യ ലോകം പ്രതീക്ഷിക്കുന്നത്.

നൊബേല്‍ സമ്മാന നിര്‍ണയ സമിതി അംഗമായ കാതറിന ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവ് ജീൻ-ക്ലോഡ് ആര്‍നോൾട്ടിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. ഇദ്ദേഹത്തിനെതിരെ 18 സ്ത്രീകള്‍ പീഡന ആരോപണം ഉന്നയിച്ചിരുന്നു. ആര്‍നോള്‍ട്ടിന്റെ സാംസ്കാരിക സ്ഥാപനത്തിന് അക്കാദമി ഫണ്ട് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതോടെ സ്വീഡിഷ് അക്കാദമിയിൽ നിന്നും നിരവധി പേര്‍ രാജിവെച്ചു. തുടർന്ന് പുരസ്കാരം റദ്ദ് ചെയ്യുകയും അടുത്ത വര്‍ഷം രണ്ട് പുരസ്കാരങ്ങളും ഒന്നിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് 2018 ഒക്ടോബറിൽ ആര്‍നോൾട്ട് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ രണ്ട് വർഷം ജയിലിൽ അടച്ചു.

2018, 2019 വർഷങ്ങളിലെ അവാർഡുകൾ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, നൊബേലിന്റെ തിരിച്ചുവരവിന് ആഗോള സാഹിത്യ സമൂഹം മികച്ച സ്വീകാര്യത നല്‍കുമെന്ന പ്രതീക്ഷയിലാണ് അക്കാദമി. ജേതാക്കള്‍ക്ക് ഏകദേശം 5 കോടി 76 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. റഷ്യൻ നോവലിസ്റ്റ് ല്യൂഡ്‌മില ഉലിറ്റ്‌സ്കായ, ഗ്വാഡലൂപ്പിയൻ നോവലിസ്റ്റ് മേരിസ് കോണ്ടെ, പ്രമുഖ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ് എന്നിവരാണ് അന്തിമ പരിഗണനാ പട്ടികയിലുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അവസാനത്തെ രണ്ടു ജേതാക്കളും, കസുവോ ഇഷിഗുറോയും ബോബ് ഡിലാനും, ഇംഗ്ലിഷ് എഴുത്തുകാരായിരുന്നു. ഇതുവരെ 114 സാഹിത്യ പുരസ്കാര ജേതാക്കളിൽ 14 സ്ത്രീകൾക്ക് മാത്രമാണ് നോബേൽ സാഹിത്യ പുരസ്ക്കാരം ലഭിച്ചത്.

അക്കാദമി സാഹിത്യപുരസ്‌കാരം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് അപൂര്‍വമാണ്. അത്തരമൊരു സാഹചര്യം നാലുതവണയുണ്ടായി. രണ്ടാംലോക യുദ്ധത്തിൻ്റെ സാഹചര്യത്തിൽ 1943-ലാണ് ഇതിനു മുന്‍പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്. എന്നാല്‍ പുരസ്കാരസമിതിക്ക് അപകീര്‍ത്തിയുണ്ടാക്കിയ വിവാദത്തെ തുടര്‍ന്ന് പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചത് ആദ്യമായായിരുന്നു. ആല്‍ഫ്രഡ് ബെണ്‍ഹാര്‍ട് നോബലിന്റെ വില്‍പത്ര പ്രകാരം രൂപപ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സാര്‍വ്വലൗകികമായ സ്വീകാര്യത കഴിഞ്ഞ കുറെവര്‍ഷങ്ങളായി പതിനെട്ടംഗ സ്വീഡിഷ് അക്കാദമി സമിതി തകിടം മറിച്ചുവെന്ന ആരോപണം ശക്തമാണ്. അതുകൊണ്ടുതന്നെ ഇത്തവണ ‘മുഴുവൻ പ്രക്രിയയും സുതാര്യമായിരിക്കുമെന്നും, യൂറോപ്പ് കേന്ദ്രിത കാഴ്ചപ്പാടുകള്‍ക്കപ്പുറത്ത് ലോകമെമ്പാടുനിന്നും സാഹിത്യത്തെ നോക്കിക്കണ്ടുകൊണ്ടും, പുരുഷാധിഷ്ഠിത വലയത്തില്‍ നിന്നും പുറത്തുകടന്നുകൊണ്ടും കൂടുതൽ വിശാലമായ അവാര്‍ഡ് നിര്‍ണ്ണയമാകും ഇനിമുതല്‍ നടക്കുകയെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി ചെയർമാൻ ആൻഡേഴ്‌സ് ഓൾസൺ പറഞ്ഞു.

ഹംഗേറിയൻ നോവലിസ്റ്റ് ലാസ്ലി ക്രാസ്നഹോർകായ്, പോളിഷ് എഴുത്തുകാരൻ ഓൾഗ ടോകാർസുക്, വിഖ്യാത എഴുത്തുകാരായ ഹരുക്കി മുറകാമി, എൻഗുഗി വാ തിയോംഗോ എന്നിവരും ഇത്തവണത്തെ പരിഗണനാ പട്ടികയില്‍ ഉണ്ട്. 1901 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ നിരവധി സര്‍ഗ്ഗ പ്രതിഭകള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അതേസമയം പലര്‍ക്കും ലഭിച്ചിട്ടുമില്ല. ടോള്‍സ്റ്റോയി, ജോര്‍ജ്ജ് ലൂയിബോര്‍ഹസ്സ്, കസാന്‍ദ്‌സാക്കിസ്, അന്ന അക്മത്തോവ, തസിംഹിക്‌മെത്ത് തുടങ്ങിയ മഹാപ്രതിഭകളെ ഒഴിവാക്കിയിട്ടുള്ളതായ ചരിത്രമുണ്ട് നോബേലിന് , അതേസമയം പുരസ്ക്കാരം ലഭിച്ചവരില്‍ നെരൂദ, ടി. എസ് എലിയറ്റ്, റ്റോമാസ്മന്‍, ഏലിയാസ് കനേറ്റി, സാരമാഗു, കാഫ്ക, സാര്‍ത്ര്, തുടങ്ങിയവർ പുരസ്ക്കാരം ജേതാക്കളിൽപെടുന്നവരാണ്.

Share this news

Leave a Reply

%d bloggers like this: