ആര്‍ഷി ഖുറേഷി ഐഎസ് റിക്രൂട്‌മെന്റ് കേസില്‍ മലയാളിയുടെ പിതാവ് കൂറുമാറി; ഖുറേഷിയെ അറിയില്ലെന്ന് ഐഎസില്‍ ചേര്‍ന്ന മലയാളിയുടെ പിതാവ്…

വിവാദ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ എന്‍ഐഎ കേസില്‍ സാക്ഷിയായ, ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടയാളുടെ പിതാവ് കോടതിയില്‍ കൂറുമാറി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ആര്‍ഷി ഖുറേഷി തന്റെ മകനെയും അവന്റെ കുടുംബത്തെയും സ്വാധീനിച്ച് ഐസിസിലെത്തിച്ചുവെന്ന് മൊഴി നല്‍കിയിരുന്നയാളാണ് ഇപ്പോള്‍ കൂറു മാറിയിരിക്കുന്നത്.

2016 മുതലാണ് തന്റെ മകനും അയാളുടെ ഭാര്യയും സഹോദരനും കസിനും അവരുടെ കുടുംബങ്ങളും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പിതാവ് പരാതി നല്‍കിയിരുന്നു. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനാണെന്നും ആരോപിച്ചിരുന്നതാണ്. ആര്‍ഷി ഖുറേഷിക്കെതിരെ താന്‍ മുമ്പു പറഞ്ഞ കാര്യങ്ങള്‍ പിതാവ് ഇപ്പോള്‍ നിഷേധിക്കുകയാണ്. മകന്റെ മറ്റുള്ളവരോട് നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്കിടെ ‘ആര്‍ഷി ഭായ്’ എന്നൊരാളെക്കുറിച്ച് പറയുന്നത് കേട്ടിരുന്നെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യത്തെ മൊഴി. ആര്‍ഷി ഖുറേഷിക്കെതിരെ പരാതി നല്‍കാനും അദ്ദേഹം വിസമ്മതിച്ചു.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും താന്‍ മകന്റെ സംഭാഷണങ്ങള്‍ കേട്ടിരുന്നുവെന്നത് തെറ്റാണെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കി. 2016ല്‍ ഉംറ കഴിഞ്ഞെത്തിയപ്പോഴാണ് തന്റെ മകനടക്കം നിരവധി പേരെ കാണാതായതായി അറിയുന്നതെന്നും അവര്‍ എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തി 2017ലാണ് എന്‍ഐഎ ആര്‍ഷി ഖുറേഷിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: