ഇന്ത്യ മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നല്‍കി ഐ എം എഫ്

വാഷിംഗ്ടണ്‍: സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്നതായുള്ള വാര്‍ത്തകള്‍ക്കു പുറമെ ഇക്കാര്യം സ്ഥിരീകരിച്ച് അന്താരാഷ്ട്ര നാണ്യ നിധിയും. കൂടുതല്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രകടന്നെന്നാണ് വിലയിരുത്തല്‍.

ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോര്‍ജിവ ആണ് ഇന്ത്യയിലെ മാന്ദ്യം തീര്‍ത്തുപറഞ്ഞത്. ലോകരാജ്യങ്ങളില്‍ വലിയൊരു ശതമാനവും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വര്‍ഷമാണ് ഇതെന്നും ജോര്‍ജിവ പറയുന്നു. യുഎസ്, ജപ്പാന്‍, യൂറോസോണ്‍ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളില്‍ സാമ്പത്തിക പ്രവര്‍ത്തനം മയപ്പെടുത്തുകയാണെന്ന് ജോര്‍ജിവ വ്യക്തമാക്കി.

ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ ഈ വര്‍ഷം മാന്ദ്യം കൂടുതല്‍ പ്രകടമാണ്. ചൈനയുടെ ത്വരിതഗതിയിലുള്ള വളര്‍ച്ച ക്രമേണ കുറയുന്നുണ്ടെന്നും അവര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശ് മികച്ച വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി മാറുമെന്ന് ഇന്നലെ ഏഷ്യന്‍ ഡെവലപ്പ് മെന്റ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഐ എം എഫ് ന്റെ ഭാഗത്തുനിന്നും മാന്ദ്യത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധവും ബ്രെക്‌സിറ്റ് പോലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിനും അനിശ്ചിതത്വത്തിനും കാരണമായതായും ജോര്‍ജിവ പറഞ്ഞു. ഐഎംഎഫ് – ലോക ബാങ്ക് സംയുക്ത വാര്‍ഷിക യോഗത്തിന് ഒരാഴ്ച മുമ്പാണ് ജോര്‍ജിയ ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: