പാലത്തിനടിയില്‍ കുടുങ്ങി വിമാനം: സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡ്രൈവറുടെ തന്ത്രങ്ങള്‍…

ബെയ്ജിങ്: ട്രക്കില്‍ കൊണ്ടു പോകുന്നതിനിടെ വിമാനം പാലത്തിനടിയില്‍ കുടുങ്ങിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഓടുന്നത്. ട്രെയിലര്‍ ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്റേയും പാലത്തിനടിയില്‍ നിന്ന് വിമാനം നീക്കി കൊണ്ടു പോകുന്നതിന്റേയും വീഡിയോയാണ് രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് രസകരമായ കാഴ്ചയായി മാറിയത്. ചൈനയിലെ ഹര്‍ബിനിലാണ് ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ വിമാനം നടപ്പാലത്തിനടിയില്‍ കുടുങ്ങിയത്.

ഒരു കമേഴ്സ്യല്‍ ജെറ്റ് ലൈനറിന്റെ പ്രധാന ചട്ടക്കൂടാണ് കുടുങ്ങിയത്. ചില ഭാഗങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം വിമാനം മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് സംഭവം. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസാണ് രസകരമായ വീഡിയോ യൂട്യൂബിലും ട്വിറ്ററിലും പങ്കുവച്ചത്. കുടുങ്ങിയ വിമാനം നീക്കാന്‍ ട്രക്കിന്റെ ഡ്രൈവര്‍ ചെയ്ത മാര്‍ഗവും ഇന്റര്‍നെറ്റ് ലോകത്തെ അമ്പരപ്പിച്ചു. ട്രക്കിന്റെ ടയറുകളുടെ കാറ്റഴിച്ചു വിടുകയാണ് അയാള്‍ ചെയ്തത്. ട്രെയിലര്‍ ട്രക്കുകളുടെ ടയറുകള്‍ക്ക് താരതമ്യേന ഉയരം കൂടുതലാണ്. ടയറുകളുടെ കാറ്റഴിച്ചു വിട്ടതോടെ ട്രക്കുള്‍പ്പെടെ വിമാനം താണു. വിമാനം നീക്കുന്നതും അതോടെ സാധ്യമായി.

പാലത്തിനടിയില്‍ നിന്ന് വിമാനമുള്‍പ്പെടെ ട്രക്ക് നീക്കി ടയറുകളില്‍ വീണ്ടും കാറ്റ് നിറച്ച ശേഷം യാത്ര തുടരുകയും ചെയ്തു. ടയറുകളിലെ കാറ്റഴിച്ച് വിട്ട് വിമാനം നീക്കിയെങ്കിലും പാലത്തിനടിയില്‍ വിമാനത്തെ കുടുക്കിയ ഡ്രൈവറുടെ ബുദ്ധിശൂന്യതയെ രസകരമായ കമന്റുകളും ട്രോളുകളുമായി പരിഹസിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ ലോകം.

Share this news

Leave a Reply

%d bloggers like this: