കൂടത്തായി കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയ യഥാര്‍ത്ഥ ഹീറോ…

കോഴിക്കോട്: ഇന്ത്യന്‍ പോലീസ് കേസ് ഡയറികളില്‍ പോലും കേട്ടുകേള്‍വി ഇല്ലാത്ത അരുംകൊലകളുടെ ചുരുളഴിച്ചപ്പോള്‍ ഇതിനുപിന്നില്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥന്റെ പേരും ഇപ്പോള്‍ കേരളം തിരിച്ചറിയുകയാണ്. സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച ജീവന്‍ ജോര്‍ജ് എന്ന പോലീസുകാരന്റെ അന്വേഷണത്വരയാണ് കൂടത്തായി കേസ് എന്ന കൊലപാതക പരമ്പരകളിലേക്ക് വിരല്‍ ചൂണ്ടിയത്. എസ്‌ഐ ആയി വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ചപ്പോഴും പരാതിയുമായി വരുന്നവര്‍ക്ക് കൂടുതല്‍ കാലതാമസങ്ങളില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതിയും ഈ പോലീസുകാരന്‍ നേടിയിരുന്നു.

എന്നാല്‍ ഉറച്ച നിലപാടുകളും അനീതിയോടുള്ള സന്ധിയില്ലാത്ത പോരാട്ടവും ജീവന്‍ ജോര്‍ജിന്റെ ഔദ്യോഗിക ജീവിതത്തില്‍ പല പ്രതിസന്ധികളും സൃഷ്ടിക്കുകയായിരുന്നു. പ്രമോഷന്‍ പോലും നിഷേധിക്കപ്പെട്ട് എസ്‌ഐ എന്ന പദവിയില്‍ നിന്നും അദ്ദേഹത്തിന് ഉയരാന്‍ സാധിച്ചില്ല. തന്റെ ജൂനിയറായി പോലീസ് സേനയില്‍ എത്തിയവരെല്ലാം കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന തസ്തികയിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ ജീവന്‍ ജോര്‍ജ് ജോലിയില്‍ പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ക്കിപ്പുറവും എസ്‌ഐ ആയി തന്നെ തുടര്‍ന്നു. ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയ സംഭവങ്ങള്‍ വരെ നേരിട്ട കാലഘട്ടത്തിലാണ് ജീവന്‍ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എത്തിയത്. രഹസ്യ പോലീസ് ആയി നടക്കുന്ന ഈ സമയത്ത് ജീവന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനിലൂടെ കേരളം ഞെട്ടിത്തരിച്ച കൊലപാതങ്ങള്‍ ഘട്ടം ഘട്ടമായി പുറംലോകം അറിഞ്ഞു.

പൊന്നാമറ്റം തറവാട്ടിലെ മരുമകളായി എത്തിയ ജോളി ജോസഫ് എന്ന അതിബുദ്ധിമതിയായ ക്രിമിനലിനെ നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു മാസമാണ് ജീവന്‍ ജോര്‍ജ് വേഷ പ്രച്ഛന്നനായി രഹസ്യാന്വേഷണം നടത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയി തോമസിന്റെ മരണവും, റോയിയുടെ കസിന്‍ ഷാജു സക്കറിയയുടെ ഭാര്യയുടെ മരണത്തിന് ഒരു വര്‍ഷത്തിന് ശേഷം ജോളിയും, ഷാജുവും വിവാഹിതരായതും ബന്ധുക്കളില്‍ ചില സംശയങ്ങള്‍ സൃഷ്ടിച്ചിരുന്നു. വ്യാജ ഒസ്യത്ത് ചമച്ച് കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ജോളി തന്ത്രങ്ങള്‍ മെനയുന്നതുകൂടി ശ്രദ്ധയില്‍പ്പെട്ടതോടെ പൊന്നാമറ്റത്തെ ടോം തോമസിന്റെ മക്കളായ രഞ്ജി തോമസും, റോജോ തോമസും ജോളിയെ സംശയിച്ചു തുടങ്ങിയിരുന്നു.

അതിന് പുറമെ റോയ് തോമസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയിരുന്ന വിശദീകരണങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളും ഇവരില്‍ സംശയത്തിന്റെ ആഴം കൂട്ടി. പൊന്നാമറ്റത്ത് നടന്ന മരണങ്ങളില്‍ ചില അസ്വാഭാവികത തോന്നിത്തുടങ്ങിയതോടെ രഞ്ജിയും, റോജോയും ചേര്‍ന്ന് കോഴിക്കോട് റൂറല്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്കുകയ്യായിരുന്നു. ഈ പരാതി താമരശ്ശേരി ഡിവൈഎസ്പി ക്കു കൈമാറുകയും, ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഈ കേസ് ഒരു സ്വത്ത് തര്‍ക്കമായി മാത്രം ഒതുങ്ങുകയും ചെയ്തു. ഇതിനിടെ കെ.ജി സൈമണ്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റതോടെ ഈ കേസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജിനെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു.

ഇവിടെവെച്ചാണ് കേസില്‍ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടാകുന്നത്. പോലീസ് യൂണിഫോം ഇല്ലാതെയും സുഹൃത്തുക്കളുടെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ജീവന്‍ അന്വേഷണം നടത്തിയത്. കുടുംബത്തിലെ മരണത്തില്‍ സംശയം ഉന്നയിച്ച് നല്‍കിയ പരാതിയില്‍ തന്നെ ചില യാഥാര്‍ഥ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നതായി മനസിലാക്കിയ ജീവന്‍ ജോര്‍ജ് രഹസ്യാന്വേഷണത്തിലൂടെ കുടുംബത്തിലെ 6 മരണങ്ങള്‍ നടന്നപ്പോഴും ജോളിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. ആദ്യഘട്ടം മുതല്‍ വളരെ രഹസ്യസ്വഭാവം നിലനിര്‍ത്തിയായിരുന്നു അന്വേഷണം മുന്നോട്ട് പോയതെന്ന് ജീവന്‍ ജോര്‍ജ് വ്യക്തമാക്കി. വേഷം മാറി ജോളിയെക്കുറിച്ച് പല വ്യക്തികളില്‍ നിന്നും ചോദിച്ചറിഞ്ഞപ്പോള്‍ ഇവര്‍ എന്‍.ഐ.ടി യില്‍ അധ്യാപികയാണെന്ന് മനസിലാക്കി. പിന്നീട് എന്‍.ഐ.ടി യില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ ജോളി എന്ന പേരില്‍ അവിടെ അദ്ധ്യാപിക ഇല്ലെന്നും മനസ്സിലാക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ എവിടെ പോകുന്നു, വരുന്നു എന്ന് അറിയാനുള്ള നിരീക്ഷണം ശക്തമാക്കി. തന്റെ രഹസ്യാന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ജീവന്‍ റൂറല്‍ എസ്.പി സൈമണ് കൈമാറിയതോടെ പൊന്നാമറ്റത്തെ മരണങ്ങള്‍ കൊലപാതകങ്ങള്‍ തന്നെയാണെന്ന് എസ്പി സൈമണ്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. കട്ടപ്പന സ്വദേശിയായ ജോളി പ്രീഡിഗ്രി കാലഘട്ടത്തില്‍ തന്നെ ചിയ കളവുകള്‍ ചെയ്തതിന് പിടിക്കപ്പെട്ടിരുന്നു. ഹൈറേഞ്ച് ലെ ഒരു കോളേജില്‍ പ്രീഡിഗ്രി പഠനത്തിന് കുറെ കാലം ഹോസ്റ്റലില്‍ ആയിരുന്നു താമസം. ഒരു സഹപാഠിയുടെ സ്വര്‍ണക്കമ്മല്‍ മോഷ്ടിച്ചതിന്റെ പേരില്‍ ജോളിക്കെതിരെ ആരോപണം ഉയരുകയും കോളേജ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ ജോളിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഈ സംഭവം നാട്ടില്‍ പാട്ടായതോടെ ജോളിയെ പാലായിലെ ഒരു പാരല്‍ കോളേജിലേക്ക് വീട്ടുകാര്‍ മാറ്റുകയായിരുന്നു.

ജോളിയിലെ ക്രിമിനലിനെ കണ്ടെത്തിയ എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ അന്വേഷണ മികവിനെ എസ്.പി സൈമണ്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷണത്തില്‍ ജീവന്‍ പിന്തുടര്‍ന്ന അന്വേഷണ വഴികള്‍ കേരള പൊലീസിന് മാത്രമല്ല, ഇന്ത്യന്‍ പോലീസ് ചരിത്രത്തില്‍ തന്നെ വലിയൊരു അധ്യായം തുറന്നിട്ടു. ജീവന്റെ അന്വേഷണത്തിന്റെ ബാക്കിപത്രമായി എസ്.പി സൈമണ്‍ തലവനായി അന്വേഷണ സംഘത്തെ രൂപീകരിച്ച് വീണ്ടും രണ്ട് മാസത്തോളം രഹസ്യാന്വേഷണം നടത്തിയപ്പോള്‍ ജീവന്റെ കണ്ടെത്തലുകളെല്ലാം ശരിവെയ്ക്കുന്നതായിരുന്നു പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍. ജോളിയുടെ സ്വന്തം നാടായ കട്ടപ്പനയിലും ഉള്‍പ്പെടെ മുന്നൂറോളം ആളുകളില്‍ നിന്നും വിവര ശേഖരണം നടത്തി തയ്യാറാക്കിയ കേസിനെക്കുറിച്ച് പുറംലോകം അറിഞ്ഞത് ജോളിക്കുള്ള കുരുക്കുകള്‍ പോലീസ് മുറുക്കിയശേഷമായിരുന്നു. അന്വേഷണ മികവുകൊണ്ടുമാത്രം വെളിച്ചം കണ്ട കേസ് ആണ് കൂടത്തായി കൊലപാതകക്കേസ്.

Share this news

Leave a Reply

%d bloggers like this: