യുവ ഡ്രൈവര്‍മാര്‍ക്ക് രാത്രികാല ഡ്രൈവിങ് നിരോധനം: യു.കെ മാതൃകയില്‍ റോഡ് നിയമങ്ങള്‍ പരിഷ്‌കരിച്ച് അയര്‍ലണ്ടും…

ഡബ്ലിന്‍: പുതുതായി ലൈസന്‍സ് നേടുന്ന ഡ്രൈവര്‍മാര്‍ക്ക് അയര്‍ലണ്ടില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം. യു.കെയില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ഡ്രൈവര്‍മാര്‍ക്ക് ഉള്ള നിയന്ത്രണങ്ങളുടെ മാതൃകയില്‍ അയര്‍ലണ്ടിലും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. പ്രത്യേകിച്ചും ലൈസന്‍സ് നേടുന്ന യുവ ഡ്രൈവര്‍മാര്‍ക്ക് ആണ് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പും വ്യക്തമാക്കുന്നു.

യുവ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ റോഡ് സുരക്ഷാ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ലൈസന്‍സ് നേടി കുറച്ചുകാലം രാത്രിയില്‍ വാഹനം ഓടിക്കുന്നതിനും ആറ് മാസം വരെ പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ പ്രവേശിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ആവശ്യമായ നിയമ നിര്‍മ്മാണമാണ് ഗതാഗത വകുപ്പിന്റെ പരിഗണനയില്‍ ഉള്ളത്. വരും വര്‍ഷങ്ങളില്‍ റോഡ് അപകടങ്ങള്‍ കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

യു.കെയില്‍ ആരംഭിക്കാനിരിക്കുന്ന ഗ്രാജുവേറ്റ് ലൈസന്‍സ് സംവിധാനം അയര്‍ലണ്ടിലും നടപ്പാക്കാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്. രാജ്യത്ത് വര്‍ഷംതോറും നടക്കുന്ന 15 ശതമാനത്തോളം റോഡ് അപകടങ്ങളും യുവ ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണ് സംഭവിക്കുന്നതെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലൈസന്‍സ് നേടി കുറച്ചുകാലത്തേക്ക് യുവാക്കളില്‍ ഡ്രൈവിങ്ങിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ റോഡ് അപകടങ്ങളുടെ തോത് കുറക്കാനാകുമെന്ന് ഈ മേഖലയില്‍ നടന്നിട്ടുള്ള പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടില്‍ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരില്‍ 80 ശതമാനത്തോളവും യുവ ഡ്രൈവര്‍മാര്‍ തന്നെയാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് കടുത്ത പിഴയും നിരീക്ഷണവും ഏര്‍പ്പെടുത്തിയതോടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ തരത്തിലുള്ള അപകടങ്ങള്‍ കുറഞ്ഞ് വന്നിട്ടുണ്ട്. സമാനമാതൃകയില്‍ 24 വയസ്സ് വരെയുള്ള യുവ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അപകടങ്ങളുടെ കുറയ്ക്കാനാകും. യു.കെ മാതൃക അയര്‍ലണ്ടിലും പ്രാബല്യത്തില്‍ വരുത്താനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.

Share this news

Leave a Reply

%d bloggers like this: