യു പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മ്മാണം നടത്താന്‍ നീക്കം

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചുനല്‍കാന്‍ അനുമതി ലഭിച്ചതോടെ ക്ഷേത്ര നിര്‍മ്മാണം പെട്ടെന്ന് നടത്താന്‍ ഹിന്ദുത്വ സംഘടനകള്‍ തയ്യാറെടുക്കുന്നു. 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന നേട്ടമായി രാമക്ഷേത്രം നിര്‍മ്മിച്ചത് ഉയര്‍ത്തിക്കാട്ടാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രനിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ട്രസ്റ്റ് രൂപീകരിക്കുന്നതിനായി ന്യൂഡല്‍ഹിയില്‍ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

ക്ഷേത്രനിര്‍മ്മാണത്തിനായി തൂണുകളും മറ്റും നിര്‍മ്മിക്കുന്നത് പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ട്രസ്റ്റ് രൂപീകരിച്ചാലുടന്‍ നിര്‍മ്മാണം തുടങ്ങും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കും. 1989ല്‍ തര്‍ക്കഭൂമിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശില്യാന്യാസം നിര്‍വഹിച്ചിട്ടുണ്ട്. നേരത്തെ ശിലാന്യാസം നിര്‍വഹിച്ചതിനാല്‍ ഇനി ശിലാന്യാസം വേണ്ട എന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍

Share this news

Leave a Reply

%d bloggers like this: