സൂപ്പര്‍ ഫാസ്റ്റ് കത്തിച്ച് വിട്ട് ഷീല; അമ്പരപ്പ് വിട്ട് മാറാതെ യാത്രക്കാര്‍; പിന്തുണ നല്‍കി കണ്ടക്ടര്‍ ലിജോ

എറണാകുളം: ഇന്ന് പെരുമ്പാവൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ 6.05 ന് കെ ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ്സ് പുറപ്പെടാന്‍ നേരത്ത് വളയം പിടിക്കാനെത്തിയ ഡ്രൈവറെ കണ്ട് യാത്രക്കാര്‍ ഒന്നു ഞെട്ടി. കാരണം ആദ്യമായാണ് ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ഒരു വനിതാ ഡ്രൈവര്‍ എത്തുന്നത്. ആലുവ–മൂവാറ്റുപുഴ ഓര്‍ഡിനറി ബസില്‍ പതിവുപോലെ ഡ്യൂട്ടിക്ക് കയറാനാണ് ഈ വനിതാ ഡ്രൈവര്‍ പുലര്‍ച്ചെ എത്തിയത്. തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ അടിയന്തരമായി അവധിയെടുത്തതോടെ സര്‍വീസ് മുടങ്ങുമെന്ന സ്ഥിതിയായി.

അപ്പോഴാണ് അധികൃതര്‍ ഷീലയുടെ സമ്മതം തേടിയത്. ചെറിയൊരു അങ്കലാപ്പ് തോന്നിയെങ്കിലും ആത്മവിശ്വാസത്തോടെ തന്നെ ഇവര്‍ സമ്മതം നല്‍കി. കോട്ടപ്പടി സ്വദേശിനി ഷീല യാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. ഏഴു കൊല്ലമായി ഡ്രൈവര്‍ തസ്തികയില്‍ ഉണ്ടെങ്കിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് സര്‍വീസില്‍ ഷീലയുടെ കന്നി യാത്രയായിരുന്നു ഇത്. ഷീല ഡ്രൈവിങ്ങ് തുടങ്ങി സ്റ്റാന്‍ഡില്‍നിന്നിറങ്ങി മെയിന്‍ റോഡിലൂടെ വണ്ടി ഓടി തുടങ്ങിയപ്പോഴാണ് പലരുടെയും ആശങ്കകള്‍ മാറിയത്.

കെഎസ്ആര്‍ടിസിയില്‍ എം പാനലുകാര്‍ അടക്കം ഇരുപതിനായിരത്തോളം ഡ്രൈവര്‍മാരുള്ളതിലെ ഏക വനിതയാണ് ഷീല. ആദ്യ നിയമനം കോതമംഗലം ഡിപ്പോയില്‍. വെള്ളാരംകുത്തിലേക്കായിരുന്നു ആദ്യ സര്‍വീസ്. പിന്നെ, വളവുകളും കയറ്റങ്ങളുമുള്ള വെറ്റിലപ്പാറ റൂട്ടില്‍. നിരവധി സ്ത്രീകള്‍ ആദ്യകാലങ്ങളില്‍ വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോയതും ഷീല ഓര്‍ക്കുന്നു. കോതമംഗലം ഡിപ്പോയില്‍നിന്ന് പെരുമ്പാവൂരിലേക്ക് മാറ്റം ലഭിച്ച ഷീല വര്‍ക്ക് അറേഞ്ച്‌മെന്റില്‍ മൂന്നുമാസം അങ്കമാലിയിലും ഒരു കൊല്ലത്തോളേം തലസ്ഥാനത്തും ജോലി ചെയ്തു.

വഴി പരിചിതമല്ലെങ്കിലും കൃത്യസമയത്ത് വണ്ടി തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിച്ച് കെഎസ്ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവര്‍ ആയി ഇതോടെ ഷീല. സ്റ്റാന്‍ഡും വഴികളും പറഞ്ഞുകൊടുത്ത് കണ്ടക്ടര്‍ ലിജോ നല്ല പിന്തുണയും നല്‍കിയതോടെ തനിക്ക് വലിയ ആശങ്കകള്‍ ഒഴിഞ്ഞതായും ഷീല പറയുന്നു. തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ് ഡ്രൈവിങ് പഠിപ്പിച്ചത്. ഷീല ഡ്രൈവര്‍ ജോലിയിലെത്തിയതോടെ 11 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച് ഭര്‍ത്താവ് പോയതായും ഷീല പറയുന്നു

Share this news

Leave a Reply

%d bloggers like this: