കുരുന്നുകള്‍ ആദ്യ ക്രിസ്മസ് ആഘോഷിക്കുന്നത് തെരുവുകളിലും, എമര്‍ജന്‍സി അക്കോമഡേഷനുകളിലും; അയര്‍ലണ്ടിലെ ഭവനരഹിതരുടെ ദുരിതങ്ങള്‍ തുടര്‍കഥയാകുമ്പോള്‍

ഡബ്ലിന്‍ : ഒരു ക്രിസ്മസ് കാലവും, പുതുവര്‍ഷവും വന്നെത്തുമ്പോള്‍ അയര്‍ലണ്ടിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ വീണ്ടും സജീവചര്‍ച്ചയാകുകയാണ്. ജനിച്ച ശേഷമുള്ള ആദ്യ ക്രിസ്മസ് സ്വന്തം വീട്ടില്‍ ആഘോഷിക്കാന്‍ കഴിയാത്ത 140 കുഞ്ഞുങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീടില്ലാത്തവര്‍ക്കായി ഒരുക്കുന്ന അടിയന്തര ഭവനങ്ങളില്‍ പലതും തിങ്ങിനിറഞ്ഞതിനാല്‍ ഇവിടെ താമസിക്കാന്‍ കഴിയാതെ തെരുവോരങ്ങളില്‍ അഭയം തേടുന്ന കുടുംബങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്.

രാജ്യത്ത് 10000 ത്തോളം ആളുകളാണ് വീടില്ലാത്തവര്‍ എന്നാണ് ഭവനമന്ത്രായതിന്റെ കണക്കുകള്‍. എന്നാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പറയുന്നത് അയര്‍ലണ്ടില്‍15,000 ത്തോളം ആളുകള്‍ ഭവന രഹിതര്‍ ആണെന്നാണ്. ഇതില്‍ 4000 കുട്ടികളും ഉള്‍പെടും. ഈ നിരക്ക് ഏറ്റവും കൂടുതല്‍ ഡബ്ലിനില്‍ ആണ്. തലസ്ഥാന നഗരിയില്‍ ഇവരെ താമസിപ്പിക്കാനുള്ള സോഷ്യല്‍ ഹൗസിങ് പദ്ധതികളെല്ലാം വേണ്ടവിധം നടപ്പാകുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ ഡബ്ലിനിലെ ഭവനരഹിതരുടെ എണ്ണം കുറച്ചുകാണിക്കാന്‍ ഇവരെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങളും ഹൗസിങ് മന്ത്രാലയം നടത്തിയിരുന്നു. വിമര്‍ശങ്ങള്‍ ശക്തമായതോടെ ഈ പദ്ധതി ഉപേക്ഷിക്കപെടുകയായിരുന്നു.

രാജ്യത്തെ ഭവന പ്രതിസന്ധിയ്ക്ക് ശാശ്വതമായ പരിഹാരം വേണമെന്ന് ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് അയര്‍ലന്‍ഡ് എന്ന സംഘടന ആവശ്യപ്പെട്ടു. അയര്‍ലണ്ടിലെ ഭവനരഹിതര്‍ക്ക് താമസമൊരുക്കാന്‍ ദീര്‍ഘകാലത്തേക്കുള്ള സ്വകാര്യ – പൊതു പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ ആണ് ആവശ്യമെന്നും ഫോക്കസ് അയര്‍ലന്‍ഡ് ചൂണ്ടികാണിക്കുന്നു. ഇതിനായുള്ള ഒരു നിരീക്ഷണ ഏജന്‍സി വേണെമെന്നും സംഘടന ആവശ്യപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ അയര്‍ലണ്ടില്‍ എത്തിയ ഗൂഗിള്‍ സി ഇ ഒ യും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പീച്ചേ ഡബ്ലിനിലെ ഭവന രഹിതര്‍ക്ക് വീട് വെച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇത്തരത്തില്‍ ഉള്ള സ്പോണ്‍സര്‍ഷിപ് പ്രയോജനപ്പെടുത്താന്‍ അയര്‍ലന്‍ഡിന് കഴിയണമെന്നും ഫോക്കസ് അയര്‍ലണ്ടു പറയുന്നു

Share this news

Leave a Reply

%d bloggers like this: