ഗുരുതരമായ അഴിമതി ആരോപണം; ബെഞ്ചമിന്‍ നെതന്യാഹു വിചാരണ നേരിടേണ്ടി വരുമെന്ന് സൂചന; ഇസ്രയേലിന്റെ ചരിത്രത്തില്‍ ഇതാദ്യം…

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിയാരോപണം. മൂന്ന് കേസുകളാണ് നെതന്യാഹുവിനെതിരെയുള്ളത്. ഗുരുതരമായ ആരോപണങ്ങളില്‍ നെതന്യാഹു വിചാരണനേരിടേണ്ടിവരുമെന്നാണ് സൂചന. കൈക്കൂലി, വഞ്ചന, അന്യായമായി സ്വാധീനിക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്. സമ്പന്നരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതും അന്യായമായി മാധ്യമശ്രദ്ധ നേടാന്‍ ശ്രമം നടത്തിയെന്നും ഉള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്. നികുതി വെട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ഹോളിവുഡ് നിര്‍മാതാവില്‍ നിന്നുള്‍പ്പെടെ സമ്മാനങ്ങള്‍ സ്വീകരിച്ചത്.

ധനികനായ സുഹൃത്തില്‍ നിന്ന് വില കൂടിയ പെയിന്റിങ് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന് കളങ്കമായെന്ന് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ധനകരില്‍ നിന്ന് 254000 ഡോളര്‍ വില വരുന്ന ഷാംപെയ്ന്‍, സിഗരറ്റ്, ആഭരണങ്ങള്‍ എന്നിവ സമ്മാനമായി സ്വീകരിച്ചെന്നും ആരോപണമുണ്ട്. നികുതി വെട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ഹോളിവുഡ് നിര്‍മാതാവില്‍ നിന്നുള്‍പ്പെടെയാണ് സമ്മാനങ്ങള്‍ സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ചതായും ആരോപണമുണ്ട്. ആകെ മൂന്ന് കേസുകളാണുള്ളത്. അതേസമയം, കേസുകളുടെ പേരില്‍ രാജിവെകക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. തന്നെ സ്ഥാനത്ത് നീക്കാനുള്ള ഇടതുപാര്‍ട്ടികളുടെ ശ്രമങ്ങളുടെ ഭാഗമാണ് കേസുകളെന്നാണ് നെതന്യാഹു പറയുന്നത്. രണ്ട് തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് ലിക്വിഡ് പാര്‍ട്ടിയിലും അഭിപ്രായമുണ്ട്.

ഇസ്രായേലില്‍ ഇപ്പോള്‍ ഭരണമില്ലെന്നും നെതന്യാഹു അധികാരത്തില്‍ കടിച്ച് തൂങ്ങുകയാണെന്നും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായിരുന്ന ഇടത് നേതാവ് ബെന്നി ഗാന്റ്‌സ് ട്വീറ്റ് ചെയ്തു. നെതന്യാഹു തന്നെ നിയമിച്ച അറ്റോര്‍ണി ജനറല്‍ അവിചായ് മന്‍ഡെല്‍ബ്ലിറ്റാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കുറ്റപത്രം ഇറക്കിയിരിക്കുന്നത്. ‘ദുഖകരമായ ദിവസമാണിത്. എന്നാല്‍ ഇതെന്റെ ചുമതലയാണ്.’ – നെതന്യാഹുവിനെതിരെ കേസെടുത്തതായി അറിയിച്ചുകൊണ്ട് മന്‍ഡല്‍ബ്ലിറ്റ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: