ഷഹ്ല ഷെറിന്റെ മരണം; ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം

ബത്തേരി: ക്ലാസ്സ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്റെ മരണത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാകളക്ടര്‍ ഉത്തരവിറക്കി. സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാമ്പ് കടിയേറ്റാല്‍ എങ്ങനെ ചികിത്സ നല്‍കണം എന്നതിനേക്കുറിച്ച് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കാന്‍ വനം വകുപ്പിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നതിനിടെ സര്‍വജന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ. ഹാരിസ് പരിശോധന നടത്തി.

ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു പരിശോധന. കുട്ടിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ വീഴ്ചയുണ്ടെന്നും സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു. സ്‌കൂളിലേത് ശോചനീയാവസ്ഥയാണ്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ജഡ്ജി നേരിട്ട് വിളിച്ചതായും, ഇത് പ്രകാരമാണ് സ്‌കൂളിലെത്തി പരിശോധന നടത്തിയത് അദ്ദേഹം പ്രതികരിച്ചു.

കളക്ടറേറ്റില്‍ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായി. നാട്ടുകാളരും പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. പാമ്പ് കടിയേറ്റിട്ടും സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാത്ത അധ്യാപകരുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രതീകാത്മകമായി കഴുത്തില്‍ പാമ്പിനെ ചുറ്റിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.

കഴിഞ്ഞ ദിവസവും സ്‌കൂളില്‍ പാമ്പിനെ കണ്ടിരുന്നെന്നും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.കുട്ടിയുടെ മരണത്തിന് ഡോക്ടര്‍മാരുടെ അനാസ്ഥയും കാരണമായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രികളുടെ വീഴ്ചയെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: