മഹാരാഷ്ട്രയില്‍ നാളെ 5 മണിക്ക് മുന്‍പ് വിശ്വാസവോട്ട്; വോട്ടെടുപ്പിന്റെ തത്സമയ സംപ്രേഷണവും വേണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്ന ബി ജെ പി നാളെ വിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. വോട്ടെടുപ്പിന്റെ തല്‍സമയം സംപ്രേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഭരണഘടന ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. അഞ്ച് മണിയോടെ വിശ്വാസ വോട്ട് തേടണമെന്നാണ് നിര്‍ദ്ദേശം.

രണ്ടു ദിവസത്തെ വാദത്തിന് ശേഷമാണ് മഹാരാഷ്ട്ര വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെതാണ് ഉത്തരവ്. പ്രധാനമായും 4 കാര്യങ്ങളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. വിശ്വാസ വോട്ട് നാളെ 5 മണിക്ക് മുന്‍പ് നടത്തി ഭൂരിപക്ഷം തെളിയിക്കുക, വോട്ടെടുപ്പിന്റെ തത്സമയ സംപ്രേഷണം നടത്തുക, പ്രൊടോം സ്പീക്കറെ നിയമിക്കുക, രഹസ്യബാലറ്റ് ഒഴിവാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.

കഴിഞ്ഞ രണ്ട് ദിവസമായി ബിജെപിക്കും കേന്ദ്രസര്‍ക്കാറിനും മുഖ്യമന്ത്രി ഫഡ്‌നാവിസിനും വേണ്ടി മുന്നോട്ടുവെയ്ക്കപ്പെട്ട വാദങ്ങള്‍ കോടതി തള്ളി. ഫഡ്‌നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ സുപ്രീം കോടതി ഈ ഘട്ടത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ഗവര്‍ണറുടെ നടപടി നിയമ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നാലാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി പറഞ്ഞത്.

അതേസമയം മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. പ്രോ ടേം സ്പീക്കറെ നിയമിച്ച് അദ്ദേഹം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞവര്‍ഷം കര്‍ണാടക വിഷയത്തില്‍ സ്വീകരിച്ച സമീപനമാണ് കോടതി സ്വീകരിച്ചത്. പ്രോടേം സ്പീക്കറെ നിയമിച്ച് വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതിലൂടെ ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കോടതി തീരുമാനിച്ചുവെന്നതാണ് ശ്രദ്ധേയം. ജനാധിപത്യം വിജയിച്ചിരിക്കയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നാണം കെട്ട് ബിജെപി സര്‍ക്കാറിന് ഇറങ്ങി പോകേണ്ടിവരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ഇന്നലെ 162 എംഎല്‍എമാരെ അണിനിരത്തി സംയുക്ത പ്രതിപക്ഷം മുംബൈയില്‍ ശക്തിപ്രകടനം നടത്തിയിരുന്നു. വിശ്വാസ വോട്ടിന് കോടതി ഉത്തരവിട്ടതോടെ, ഇനി എല്ലാ ശ്രദ്ധയും മുംബൈയിലേക്കായി. പ്രതിപക്ഷം ആത്മവിശ്വസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബിജെപി ഇപ്പോഴും ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി എന്‍സിപിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നുമെത്തിയ നേതാക്കളെ പാര്‍ട്ടി സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ട്
ഇരുപക്ഷത്തിന്റെയും ശക്തമായ വാദത്തെ തുടര്‍ന്നാണ് ഇന്ന് കോടതി തീരുമാനമെടുത്തത്.

Share this news

Leave a Reply

%d bloggers like this: