വിശ്വാസ വോട്ട് നേടി താക്കറെ; സഭ ബഹിഷ്‌കരിച്ച് ബിജെപി; സ്പീക്കര്‍ തെരെഞ്ഞെടുപ്പ് നാളെ…

മുംബൈ: ബിജെപി പ്രതിഷേധത്തിനിടെ മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 169 പേരുടെ പിന്തുണയാണ് മഹാവികാസ് അഖാഡി സര്‍ക്കാരിന് ലഭിച്ചത്. 288 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 പേരുടെ പിന്തുണയാണ്. ശിവസേനയ്ക്ക് 56, എന്‍സിപിക്ക് 54, കോണ്‍ഗ്രസിന് 44 എന്നിങ്ങനെ സഖ്യത്തിന് മൊത്തം 154 സീറ്റുകളാണുള്ളത്. പ്രകാശ് അംബേദ്കറുടെ ബഹുജന്‍ വികാസ് അഖാഡിയും ചില സ്വതന്ത്രരും ത്രികക്ഷി സഖ്യത്തെ പിന്തുണച്ചു. നാല് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

പ്രൊട്രം സ്പീക്കറെ മാറ്റിയതില്‍ ബിജെപി പ്രതിഷേധിച്ചു. ഈ സമ്മേളനം നിയമവിരുദ്ധമാണ് എന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. സഭയില്‍ നിന്ന് ബിജെപി ഇറങ്ങിപ്പോവുകയും ചെയ്തു. വിശ്വാസവോട്ടിന് മുന്നോടിയായി ബിജെപിയിലെ കാളിദാസ് കൊളാംബ്കറിനെ മാറ്റി എന്‍സിപിയിലെ ദിലീപ് വാല്‍സെ പാട്ടീലിനെ പ്രൊടെം സ്പീക്കറാക്കിയത് ചട്ടവിരുദ്ധമായാണ് എന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ബിജെപി നീക്കം.

ഗവര്‍ണറാണ് പ്രൊടെം സ്പീക്കറെ നിയോഗിക്കേണ്ടത് എന്ന് സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് തീരുമാനമെന്ന് ത്രികക്ഷി സഖ്യം പറയുന്നു. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിലെ നാനാ പട്ടോലെയാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കിസാന്‍ എസ് കാത്തോര്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പ് നടത്തിയത് എന്ന് പറഞ്ഞ ദേവേന്ദ്ര ഫഡ് നാവിസ് എന്തിനെയാണ് ഇവര്‍ ഭയക്കുന്നത് എന്ന് ചോദിച്ചു.

Share this news

Leave a Reply

%d bloggers like this: