ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഒരു ദശകം; നവനേതൃത്വവുമായി അയര്‍ലണ്ടിലെ ഷെയറിങ് കെയര്‍.

കോര്‍ക്ക്: ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കി അയര്‍ലണ്ടിലെ ഭാരതീയരുടെ അഭിമാനമായി ഷെയറിങ് കെയര്‍. ഉപവിപ്രവര്‍ത്തനത്തിനു വേണ്ടി മാത്രമായി 2009ല്‍ രൂപം കൊണ്ട ചാരിറ്റി സംഘടനയാണ് ഷെയറിങ് കെയര്‍. സംഘടനയുടെ പത്താമത് വാര്‍ഷിക പൊതുയോഗം നവംബര്‍ 16ആം തിയതി കോര്‍ക്കില്‍ വച്ചു നടത്തപ്പെട്ടു. ചെയര്‍മാന്‍ ഫാ.പോള്‍ തെറ്റയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോ.സെക്രട്ടറി ശൈലേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജിജോ പെരേപ്പാടന്‍ 2018-19ലെ കണക്കും അവതരിപ്പിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സംഘടനയ്ക്ക് ലഭിച്ച ആകെ വരുമാനം 46901.25 യൂറോയും ആകെ ചെലവ് 42,967.98 യൂറോയും ആണ്. അതില്‍ 33408.85 യൂറോയുടെ സഹായം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുവെന്നും കണക്കവതരിപ്പിച്ചുകൊണ്ടു ട്രഷറര്‍ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഷെയറിങ് കെയറിലൂടെ ഇന്ത്യയിലും അയര്‍ലണ്ടിലുമുള്ള നാന്നൂറ്റിയെണ്‍പതില്‍പരം ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നു സെക്രട്ടറി ജിജോ രാജു അഭിപ്രായപ്പെട്ടു.

അടുത്ത പ്രവര്‍ത്തനവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു. ചെയര്‍മാന്‍ – ഫാ. പോള്‍ തെറ്റയില്‍, സെക്രട്ടറി – ജിജോ രാജു, ട്രഷറര്‍ – ശൈലേഷ് ബാബു, വൈസ്‌ചെയര്‍മാണ് – ജിജോ പെരേപ്പാടന്‍, ജോ.സെക്രട്ടറി – ഡഗ്‌ളസ് ജേക്കബ്, എക്സിക്യൂട്ടീവ് (സംഘടനകാര്യം) – ദേവസ്യ ചെറിയാന്‍, എക്സിക്യൂട്ടീവ് (പബ്ലിക് റിലേഷന്‍സ്) – അലക്സ് ജോര്‍ജ്ജ്. കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവ് അംഗങ്ങളായ റോജോ പുറപ്പന്താനത്തിനും രാജേഷ് സക്കറിയായ്ക്കും അവരുടെ സേവനങ്ങള്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി.

സേവനത്തിന്റെ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈയവസരത്തില്‍, മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള പാവങ്ങളെ സഹായിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും, സംഘടനയുടെ ഭാഗമായിനില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ പിന്തുണ മാത്രമല്ല, അയര്‍ലണ്ടിലെ പ്രവാസികളുടെ സഹായംകൊണ്ടു കൂടിയാണ് ഇവയെല്ലാം ചെയ്യാന്‍ സാധിച്ചതെന്നും, അതിനു നന്ദിയുണ്ടെന്നും, ഭാവിയിലും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഫാ.പോള്‍ തെറ്റയില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: