ലോകനേതാക്കളുടെ പരിഹാസം; നാറ്റോ ഉച്ചകോടിയില്‍ നിന്നും ട്രംപ് ഇറങ്ങിപ്പോയി

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ എത്തിയ ലോകനേതാക്കള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കുന്ന വീഡിയോ പുറത്തായതോടെ ഉച്ചകോടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ട്രംപ് ഇറങ്ങിപ്പോയി. നേരത്തേ പ്ലാന്‍ ചെയ്ത വാര്‍ത്താസമ്മേളനം റദ്ദാക്കിയാണ് ട്രംപ് മടങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് രാജകുമാരി ആന്‍, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ എന്നിവരാണ് ട്രംപിനെ കുറിച്ച് ഹാസ്യരൂപേണ സംസാരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.

വീഡിയോയെ കുറിച്ച് പ്രതികരിക്കവേ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയെ ‘ഇരട്ട മുഖമുള്ള’ ആള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ജിഡിപിയുടെ 2% പ്രതിരോധത്തിനായി ചെലവഴിക്കണമെന്ന നാറ്റോയുടെ ലക്ഷ്യം നിറവേറ്റുന്നതില്‍ കാനഡ പരാജയപ്പെട്ടതോടെ താന്‍ ട്രൂഡോയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും, അദ്ദേഹം അതിലുള്ള ദേഷ്യം തീര്‍ത്തതായിരിക്കാമെന്നും ട്രംപ് പറഞ്ഞു. ‘താങ്കള്‍ എന്തുകൊണ്ടാണ് വൈകിയതെന്ന്’ എന്ന് ജോണ്‍സണ്‍ മാക്രോണിനോട് ചോദിക്കവേ ഇടയ്ക്ക് കയറി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ഇതിന് മറുപടി നല്‍കിയിരുന്നത്.

‘വരുന്നതിനു മുന്‍പ് അദ്ദേഹം 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അതുകൊണ്ടാവാം വൈകിയത്’ എന്ന് ട്രൂഡോ പറയുന്നു. ഇമ്മാനുവല്‍ മാക്രോണ്‍ പറയുന്നതടക്കമുള്ള പല കാര്യങ്ങളും വ്യക്തമല്ല. എന്നാല്‍ എല്ലാവരും എന്തോ പറഞ്ഞു ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഉച്ചകോടി നടക്കുന്നതിനിടെ ട്രംപ് തനിച്ചും മറ്റ് നേതാക്കള്‍ക്കുമൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളെയാണ് ഇവര്‍ പരിഹസിച്ചത്. ഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരുപാട് പത്രസമ്മേളങ്ങള്‍ നടത്തിയതിനാല്‍ നാറ്റോയുടെ സമാപന പത്രസമ്മേളനത്തിന് കാത്തു നില്‍ക്കാതെ പോകുകയാണെന്ന് ഉച്ചകോടി അവസാനിക്കുന്നതിനിടെ ട്രംപ് ട്വീറ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: