പര്‍വേസ് മുഷറഫിന്റെ മൃതദേഹം മൂന്ന് ദിവസം തൂക്കിലേറ്റണം: ജഡ്ജിയുടെ പരാമർശം മറ്റൊരു വിവാദത്തിലേക്ക്…

ഇസ്ലാമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പര്‍വേസ് മുഷറഫ് മരിച്ചാല്‍ മൃതദേഹം ഇസ്ലാമബാദിലെ ഡി ചൌക്കിലേയ്ക്ക് കൊണ്ടുവന്ന് മൂന്ന് തവണ തൂക്കിലേറ്റണമെന്ന ജഡ്ജിയുടെ പരാമര്‍ശം വിവാദമാകുന്നു. രാജ്യദ്രോഹ കേസില്‍ മുന്‍ പ്രസിഡന്റും പട്ടാള സ്വേച്ഛാധിപതിയുമായിരുന്ന മുഷറഫിന് വധശിക്ഷ വിധിച്ചത് ഇസ്ലാമബാദിലെ പ്രത്യേക കോടതിയാണ്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനയെ അട്ടിമറിച്ചെന്ന കേസിലാണ് മുഷറഫിന് വധശിക്ഷ വിധിച്ചത്.

പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ശിക്ഷ വിധിച്ചത്. 167 പേജുള്ള വിധിന്യായത്തില്‍ കുറ്റവാളിയെ മരണം വരെ കഴുത്തില്‍ തൂക്കണം എന്നാണ് വിധിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുഷറഫ് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഇസ്ലാമബാദിലെ ഡി ചൌക്കിലേയ്ക്ക് വലിച്ചുകൊണ്ടുവന്ന് മൂന്ന് തവണ തൂക്കിലേറ്റണമെന്ന് സേത്ത് പറഞ്ഞു. മൂന്ന് ദിവസമായി ഓരോ തവണ മൃതദേഹം കെട്ടിത്തൂക്കാനാണ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റ്, സുപ്രീം കോടതി, പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റേയും ഓഫീസുകള്‍ ഇവയ്‌ക്കെല്ലാം അടുത്തുകിടക്കുന്ന പ്രധാന ചത്വരമാണ് ഡി ചൗക്ക് എന്ന് ഡെമോക്രസി ചൗക്ക്.

ഈ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ഈ ഭ്രാന്തന്‍ ജഡ്ജിയെ പുറത്താക്കണം എന്നാണ് പാകിസ്താന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് ജഡ്ജിമാര്‍ ഈ പരാമര്‍ശത്തെ എത്തിര്‍ത്തിരുന്നു. ആര്‍മി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തി. ജഡ്ജിക്ക് മാനിസിക തകരാറുണ്ട് എന്നാണ് പാക് മാധ്യമ വൃത്തങ്ങള്‍ പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: