ഐസിസിൽ ചേര്‍ന്ന ഷമീമ യ്ക്ക് ബ്രിട്ടീഷ് പൗരത്വം തിരിച്ച് നല്‍കില്ല,സിറിയയില്‍ തന്നെ തുടരാം: കോടതി.

നാടുവിട്ട് സിറിയയിലേക്ക് പോയി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതിക്ക് പൗരത്വം തിരിച്ച് നല്‍കില്ലെന്ന് സ്പെഷല്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണല്‍ കോടതിയുടെ ഉത്തരവ്. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോര്‍ട്ടും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഷമീമ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു.

പതിനഞ്ചാം വയസില്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്ന  ഷമീമ ബീഗം ഡച്ചുകാരനായ ഐഎസ് ഭീകരന്റെ ഭാര്യയായി സിറിയയില്‍ ആയിരുന്നു താമസം. ഈ ദാമ്പത്യജീവിതത്തില്‍ മൂന്നു കുട്ടികളുമുണ്ട് ഇവര്‍ക്ക്.  ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ചതോടെയാണ് ബ്രിട്ടനിലേക്ക് തിരിച്ച വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഷമീമ രംഗത്തെത്തിയത്.

മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനില്‍ ജന്മം നല്‍കണമെന്ന ആഗ്രഹം സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുമ്പോഴായിരുന്നു ഇവര്‍ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനില്‍ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉടന്‍തന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവര്‍ സമര്‍പ്പിച്ച അപ്പീലാണ് ട്രിബ്യൂണല്‍ തള്ളിക്കളഞ്ഞത്

Share this news

Leave a Reply

%d bloggers like this: