കോവിഡ് 19 : ഇറ്റലിയില്‍ 1,441-ഉം സ്പെയിനില്‍ ഒറ്റ ദിവസം നൂറിലേറെയും മരണം; അതിരടച്ച് രാജ്യങ്ങള്‍

ആഗോളതലത്തില്‍ കോവിഡ്–-19 മരണം 6,036 കടന്നതോടെ നിയന്ത്രണങ്ങള്‍ തീവ്രമാക്കി ലോകരാഷ്ട്രങ്ങള്‍. ചൈന രോഗവ്യാപനത്തിന് കടിഞ്ഞാണിട്ടതിനുപിന്നാലെ യൂറോപ്പിലും വടക്കനമേരിക്കയിലും രോഗികളുടെ എണ്ണമേറി.  രോഗികളുടെ എണ്ണം 1,65,585 ആയി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യാത്രാവിലക്ക്‌ തീവ്രമാക്കി. ഒറ്റദിവസം നൂറിലേറെ മരണം സ്ഥിരീകരിച്ച സ്‌പെയിനില്‍ പുതുതായി രണ്ടായിരം പേര്‍കൂടി രോഗികളായി. ഇതോടെ ആകെ രോഗികള്‍ 7753 ആയി.  മരണം 292. ഭക്ഷണത്തിനും ജോലിക്കും ചികിത്സതേടാനുംമാത്രം വീടിന് പുറത്തിറങ്ങിയാല്‍ മതിയെന്ന് സ്‌പെയിന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നൽകി.  പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്‌സിന്റെ ഭാര്യ ബെഗോന ഗോമസിനും രോഗബാധ സ്ഥിരീകരിച്ചു. രണ്ട് മന്ത്രിമാര്‍ നിലവില്‍ ചികിത്സയിലാണ്. പുത്തന്‍ പ്രഭവകേന്ദ്രമായ ഇറ്റലിയില്‍ മരണം 1,441 ആയി. രാജ്യം ഒന്നടങ്കം അടച്ചിട്ടിരിക്കുകയാണ്. 
പാരീസ് വിജനം
ലോകത്തെ വിനോദസഞ്ചാര നഗരമായ പാരീസ് വിജനമായി. ഫ്രാന്‍സിലാകെ റെസ്റ്റോറന്റുകളും  കഫേകളും തിയറ്ററുകളും അടച്ചിട്ടു. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ വേണ്ടിമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഫ്രാന്‍സില്‍ 4500 പേരില്‍ രോഗം സ്ഥിരീകരിച്ചു. മരണം 91 ആയി. ജര്‍മനില്‍ രോഗികള്‍ 4585 ആയി, 11 പേര്‍ മരിച്ചു. 
ഡെന്‍മാര്‍ക്ക് അതിര്‍ത്തി അടച്ചു
ആദ്യ കോവിഡ്‌–-19 മരണം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഡെന്‍മാര്‍ക്ക് രാജ്യാതിര്‍ത്തികള്‍ അടച്ചു. പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ലിത്വാനിയ എന്നീ രാഷ്ട്രങ്ങളും സമാന നടപടി പ്രഖ്യാപിച്ചു.   നോര്‍‌വേ -, -പോളണ്ട് അതിര്‍ത്തി റഷ്യ അടച്ചു. രാജ്യത്തെത്തുന്നവര്‍ക്കെല്ലാം 14 ദിവസത്തെ ഏകാന്തവാസവും നിരീക്ഷണവും വേണമെന്ന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. തെക്കനേഷ്യയില്‍ രോഗം തീവ്രമായ ഫിലിപ്പീന്‍സില്‍ തലസ്ഥാനമായ മനില പൂര്‍ണമായി അടച്ചിട്ടു.
അമേരിക്കയില്‍ 62 മരണം
ബ്രിട്ടൻ, അയര്‍‌ലൻഡ്‌ എന്നിവിടങ്ങളിലേക്കും അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് ജനകീയരോഷമുയര്‍ത്തി.  ന്യൂജേഴ്‌സി നഗരം പൂര്‍ണമായി കൊട്ടിയടച്ചു. അമേരിക്കയില്‍ മരണം 62 കടന്നു. 2,100 പേര്‍ രോഗികളായി. വാഷിങ്ടണില്‍മാത്രം 40 പേര്‍ മരിച്ചു. ബ്രിട്ടനില്‍ മരണം 35 ആയി. രോഗം ബാധിച്ചവര്‍ 1,100. അയര്‍‌ല‌ന്‍ഡില്‍ 90 പേരില്‍ രോഗം സ്ഥിരീകരിച്ചു. 2 മരണം.

Share this news

Leave a Reply

%d bloggers like this: