അയർലൻഡ് -കൊച്ചി വന്ദേഭാരത് ഫ്ലൈറ്റ് – വലഞ്ഞത്   യാത്രക്കാർ 

ഡബ്ലിൻ: അയർലണ്ടിൽ നിന്നും കേരളത്തിലേയ്ക്ക് വന്ദേഭാരത് ഫ്ലൈറ്റിൽ  പോയവർക്ക് ദുരിതയാത്ര.സാധാരണ റിട്ടേൺ ടിക്കറ്റ് നിരക്കായ 664 യൂറോ വീതം വൺവേ യാത്രയ്ക്ക് ചിലവാക്കിയവർക്കാണ് ആസൂത്രണമില്ലായ്മ മൂലം കഷ്ടപ്പെടേണ്ടി വന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്ത മുതിർന്ന പൗരന്മാരും  ഗർഭിണികളും ഉൾപ്പെടെ ഉള്ളവർ കൊച്ചിയിലേയ്ക്ക് യാത്ര ചെയ്തിരുന്നു. വിജയവാഡ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും  വിമാനത്തിൽ  ഉണ്ടായിരുന്നു . ഐറിഷ് സമയം വൈകിട്ട് 5:30 -ന് പോകുമെന്ന് അറിയിച്ച വിമാനസമയം പിന്നീട് രാത്രി 8:30 -ആയി മാറ്റിയിരുന്നു. ഇതിനായി 4 മണിയോടെ തന്നെ യാത്രക്കാർ ഡബ്ലിൻ എയർപോർട്ടിൽ എത്തിയിരുന്നു.

കൊച്ചി വരെ ഒരേ ഫ്ലൈറ്റ് തന്നെ ആവും എന്നാണ് അറിയിച്ചിരുന്നത്.
സാമൂഹിക അകലം പാലിക്കാതെ എല്ലാ സീറ്റുകളിലും യാത്രക്കാർ   ഉണ്ടായിരുന്നു. കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ ആദ്യ പാദ യാത്ര ഡൽഹിയിൽ അവസാനിച്ചു. Bun , Muffin , Nuts പിന്നെ വെള്ളവുമായിരുന്നു വിമാനത്തിൽ ലഭ്യമായിരുന്ന ആഹാരം .
 8.30 മണിക്കൂർ ആയിരുന്നു  ഡബ്ലിൻ – ഡൽഹി യാത്ര.

ഡൽഹിയിൽ ലാൻഡ് ചെയ്‌തെങ്കിലും
ഏതാണ്ട് രണ്ടര മണിക്കൂറിലധികം  വിമാനത്തിൽ തന്നെ ഇരിക്കേണ്ടി വന്നു. അതിനു ശേഷം വിമാനം കൊച്ചിയ്ക്ക് പോകില്ല എന്ന അറിയിപ്പ് ലഭിച്ചു, യാത്രക്കാർ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങി.  4 മണിക്കൂറിനു ശേഷമാണു ബാംഗ്ലൂരിന് ഉള്ള വേറെ വിമാനം തയാറായത്.   ഈ സമയം ആഹാരത്തിനുള്ള  യാതൊരു ക്രമീകരണവും ഉണ്ടായിരുന്നില്ല എന്നാണ് യാത്രക്കാർ അറിയിച്ചത്. ഡയബെറ്റിക്സ് രോഗികളും , ഗർഭിണികളും ഉൾപ്പെടെയുള്ളവർക്ക് ഡൽഹിയിലെ 6 മണിക്കൂറിലധികം ഉണ്ടായ താമസം വല്ലാതെ ബുദ്ധിമുട്ടിച്ചു.

പിന്നീട് ബാംഗളൂരിൽ ലാൻഡ് ചെയ്ത വിമാനം  2 മണിക്കൂർ അവിടെയും ചിലവിട്ടു. ഇന്ത്യയിൽ എത്തിയെന്ന ആശ്വാസത്തിൽ എല്ലാം സഹിച്ചു യാത്രക്കാർ 24 മണിക്കൂറിനു ശേഷമാണു കൊച്ചിയിൽ എത്തിയത്. കൊച്ചിയിലും കുറച്ചു സമയം വിമാനത്തിലെ ഇരിക്കേണ്ടി വന്നു. പരിശോധനകൾക്ക് ശേഷം കേരളം  സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റൈൻ സംവിധാനങ്ങളിലേയ്ക്ക് യാത്രക്കാരെ കൊണ്ട് പോയി.

(ഈ വിമാനത്തിലെ യാത്രക്കാർ റോസ് മലയാളത്തോട് വെളിപ്പെടുത്തിയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വാർത്ത)

Share this news

Leave a Reply

%d bloggers like this: