കോവിഡ് 19: ഗ്രീൻലിസ്റ്റിന്റെ കഥ കഴിഞ്ഞു

വിദേശ യാത്ര നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അയർലൻഡ് സർക്കാർ ഗ്രീൻലിസ്റ്റ് പുറത്തിറക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ അപ്ഡേറ്റിനു ശേഷം ലിസ്റ്റിൽ രാജ്യങ്ങളൊന്നും തന്നെ ഉൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്‌.

ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും മടങ്ങിയെത്തുന്നവർക്കും 14 ദിവസത്തെ ക്വാറന്റൈൻ ആവശ്യമായിരുന്നില്ല.
എന്നാൽ ഗ്രീൻ ലിസ്റ്റിലെ രാജ്യങ്ങളുടെ എണ്ണം പൂജ്യമായി മാറി. ഇതോടെ വിദേശത്തു നിന്നും എത്തുന്നവർക്കെല്ലാം ഇനി മുതൽ ക്വാറന്റൈൻ ബാധകമാകും.

തിങ്കളാഴ്ച മുതൽ, വിദേശത്ത് നിന്നും എത്തുന്നവരെല്ലാം 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. നിലവിൽ ഗ്രീൻ ലിസ്റ്റ് പ്രവർത്തന സജ്ജമല്ല എന്ന് ഗതാഗത വകുപ്പുമന്ത്രി അമോൺ റയാൻ ഇന്നലെ അറിയിച്ചു.

ഓരോ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അപ്‌ഡേറ്റ് ചെയ്യുന്ന രീതിയായിരുന്നു വിദേശകാര്യ വകുപ്പ് (DFA) സ്വീകരിച്ചിരുന്നത്. എന്നാൽ രോഗവ്യാപനം വീണ്ടും രൂക്ഷമായതോടെ കഴിഞ്ഞ മൂന്നാഴ്ചയായി, ആഴ്ചതോറും പട്ടിക അപ്‌ഡേറ്റ് ചെയ്യുകയായിരുന്നു.

മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് അയർലണ്ടിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പകർച്ചവ്യാധിയുടെ നിരക്ക് വളരെ കൂടുതലായിരുന്നു. ഇതാണ് ഒരോ ആഴ്ചതോറും ഗ്രീൻ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്തതിന് കാരണം.

ഇപ്പോൾ പ്രസിദ്ധീകരിച്ച ലിസ്റ്റിന് ഒരു മാസത്തേക്ക് മാറ്റമുണ്ടാകാനിടയില്ലെന്നാണ് സൂചന. ഗ്രീൻ ലിസ്റ്റിന്റെ ആദ്യഘട്ടത്തിൽ 15 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ഇത് ചുരുങ്ങി 10, 7, 4, 0. എന്നിങ്ങനെയായി പരിണമിച്ചു.

Share this news

Leave a Reply

%d bloggers like this: