അയർലണ്ടിൽ 811 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; സാമൂഹ്യവ്യാപനം നടന്നുവെന്ന് ചീഫ് മെഡിക്കൽ ഓഫീസർ

അയർലണ്ടിനെ പിടിമുറുക്കുകയാണ് കോവിഡ് മഹാമാരി. 811 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ 3 പേർകൂടി മരണമടഞ്ഞതായും നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (Nphet) റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 44,159 ആയി. മരണസംഖ്യ 1,830 ആയും ഉയർന്നു. ഇന്നലെ റിപ്പോർട്ട്‌ ചെയ്ത കേസുകളിൽ 190 എണ്ണം ഡബ്ലിനിലും 141എണ്ണം കോർക്കിലും 62 വെക്സ്ഫോർഡിലും 51 കെറിയിലും 50 ക്ലെയറിലും ബാക്കിയുള്ള 317 കേസുകൾ മറ്റ് കൗണ്ടികളിലുമായിട്ടാണ് റിപ്പോർട്ട്‌ ചെയ്തത്.

രോഗബാധിതരായവരുടെ ശരാശരി പ്രായം 30 വയസ്സാണ്. ഇതിൽ 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. 234-ഓളം പേരെയാണ് വൈറസ്‌ ബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേരെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്.

രാജ്യത്ത് കോവിഡ്-19 സാമൂഹ്യവ്യാപനം ആരംഭിച്ചതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. വൈറസ് വ്യാപനം വർധിക്കുന്നത് സമൂഹത്തിന്റെ എല്ലാ മേഖലകളെയും സാരമായി തന്നെ ബാധിക്കും.

സാമൂഹ്യവ്യാപനത്തിന് തടയിടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. സമ്പർക്കങ്ങളും ജനക്കൂട്ടവും ഒഴിവാക്കുക. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക.

22 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തതോടെ കവാനും ഹോട്ട്‌സ്പോട്ടായി മാറി. കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു ലക്ഷത്തിന് 412.2 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൊനെഗലിൽ ഇത് 354.9-ഉം Monaghan-ൽ 312.8 ആണ് കോവിഡ് നിരക്ക്. കോർക്കിൽ ഇത് 199.1ആണ്. 180.9 കേസുകൾ റിപ്പോർട്ട്‌ ചെയ്ത ഡബ്ലിൻ ഇപ്പോൾ പതിനൊന്നാം സ്ഥാനത്താണ്.

വാട്ടർഫോർഡിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്, 66.3. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എല്ലാ 26 കൗണ്ടികളും പുതിയ കേസുകൾ രേഖപ്പെടുത്തി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന 8,000 കേസുകളിൽ പകുതിയും സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. എന്നാൽ 1,763 കേസുകൾ മാത്രമേ സാമൂഹ്യ വ്യാപനത്തിലൂടെ ഉണ്ടായതെന്നും ഹെൽത്ത്‌ പ്രൊട്ടക്ഷൻ സർവെയ്‌ലൻസ് സെന്റർ റിപ്പോർട്ട്‌ ചെയ്തു.

വടക്കൻ അയർലണ്ടിൽ 863 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ഏഴ് പേർ മരണമടയുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: