പിതാവിന്റെ ISIS ബന്ധം: ഐറീഷ് പൗരത്വ നിഷേധത്തിനെതിരെ 7 വയസുകാരൻ ഹൈക്കോടതിയിൽ

പൗരത്വം നിഷേധിച്ച ഐറിഷ് സർക്കാരിനെതിരെ ഏഴുവയസ്സുകാരൻ ഹൈക്കോടതിയിൽ. പിതാവിന്റെ ISIS ബന്ധത്തെ തുടർന്നാണ് സർക്കാർ കുട്ടിക്ക് പൗരത്വം നിഷേധിച്ചത്.

ഡബ്ലിനിലായിരുന്നു പരാതിക്കാരനായ അബ്ദുൾ മാലിക് ബെക്മിർസേവിന്റെ ജനനം. ഇപ്പോൾ അമ്മ Iryna Paltarzhytskaya-ടൊപ്പം ജന്മനാടായ ബെലാറസിൽ താമസിക്കുന്നു.

ഐറിഷ് പാസ്‌പോർട്ട് തിരികെ നൽകാൻ സർക്കാർ വിസമ്മതിക്കുന്നതായും ഐറിഷ് പൗരനായി അംഗീകരിക്കുന്നില്ലെന്നും കാണിച്ചാണ് മകൻ കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ഈ നടപടി തെറ്റാണെന്നും അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കുട്ടി അവകാശപ്പെടുന്നു.

സിറിയയിൽ ISIS ചേർന്നുവെന്ന് ആരോപിക്കപ്പെടുന്ന പിതാവ് അലക്സാണ്ടർ ബെക്മിർസേവിന്റെ പൗരത്വം സർക്കാർ നേരത്തെതന്നെ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്. കുട്ടിയുടെ പിതാവിനെ കാണാനില്ലെന്നും അയാൾ മരിച്ചുവെന്നുമാണ് നിലവിലെ നിഗമനം.

2001-ൽ യൂറോപ്യൻ യൂണിയൻ പൗരത്വമുള്ളയാളെ വിവാഹം ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് അലക്സാണ്ടർ ബെക്മിർസേവ് 2010-ൽ ഐറിഷ് പൗരനാകുന്നത്. എന്നാൽ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ വിവാഹമോചനം നേടിയിരുന്നു.

അബ്ദുൾ മാലിക് ബെക്മിർസേവിന്റെ ഐറിഷ് പൗരത്വം പിതാവിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. കുട്ടിയുടെ ഐറിഷ് പാസ്‌പോർട്ട് പുതുക്കുന്ന വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഈ വർഷം ആദ്യം കുട്ടി പ്രത്യേക ജുഡീഷ്യൽ അവലോകന നടപടികൾ സ്വീകരിച്ചിരുന്നു. ജൂണിൽ കക്ഷികൾക്കിടയിൽ ആ നടപടിക്ക് പരിഹാരം കണ്ടെങ്കിലും പുതിയ പാസ്‌പോർട്ട് നൽകിയിട്ടില്ല.

കുട്ടിക്ക് പുതിയ പാസ്‌പോർട്ട് നൽകുന്നില്ലെന്നും പിതാവിന്റെ പൗരത്വം റദ്ദാക്കിയതിനാൽ അദ്ദേഹത്തെ ഒരു പൗരനായി കണക്കാക്കാൻ കഴിയില്ലെന്നും സെപ്റ്റംബറിൽ സർക്കാർ അറിയിച്ചു.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും അലക്സാണ്ടർ ബെക്മിർസേവിന്റെ ശുപാർശ കത്ത് ഇല്ലാതെ അസാധുവാക്കലിന്റെ പകർപ്പ് മകന്റെ അഭിഭാഷകർക്ക് നൽകാൻ സാധിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

ഇതിനെ തുടർന്നാണ് കുട്ടി നീതിന്യായ വകുപ്പുമന്ത്രി, വിദേശകാര്യ വകുപ്പുമന്ത്രി, അയർലൻഡ് അറ്റോർണി ജനറൽ എന്നിവർക്കെതിരെ നടപടിയുമായി കോടതിയെ സമീപിച്ചത്.

സോളിസിറ്റർ വെൻ‌ഡി ലിയോണിന്റെ നിർദ്ദേശപ്രകാരം Michael Lynn SC, Colin Smith Bl,  എന്നിവരാണ് ആൺകുട്ടിയെ പ്രതിനിധീകരിക്കുന്നത്. ഐറിഷ് പാസ്‌പോർട്ട് നൽകാനുള്ള ഉത്തരവ് ഉൾപ്പെടെ നിരവധി ഉത്തരവുകളും കോടതിയിൽ നിന്ന് ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കുട്ടി ഇപ്പോൾ.

പിതാവിന്റെ പൗരത്വം റദ്ദാക്കിയ തീരുമാനം മുൻ‌കാല പ്രാബല്യമുള്ളതാണെന്നത് അബ്ദുലിന്റെ പൗരത്വത്തെ ബാധിക്കുന്നതല്ലെന്നും കുട്ടി ഐറിഷ് പൗരനാണെന്നുമാണ് അഭിഭാഷകരുടെ വാദം.

യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനു കീഴിലുള്ള കുട്ടിയുടെ ഭരണഘടനാ അവകാശങ്ങളൊക്കെയും നിരസിക്കപ്പെട്ടതായും ആൺകുട്ടിയുടെ അഭിഭാഷകർ അവകാശപ്പെടുന്നു. പിതാവിന്റെ ഐറിഷ് പൗരത്വം റദ്ദാക്കൽ നടപടി നിയമപ്രകാരമല്ല നടപ്പാക്കിയതെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

ജനുവരിയിൽ തുർക്കിയിലെ അഭയാർഥിക്യാമ്പിൽ നിന്ന് ബെലാറസിലേക്ക് നാടുകടത്തപ്പെട്ട ആൺകുട്ടിയും അമ്മയും അയർലണ്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അഭിഭാഷകർ കോടതി അറിയിച്ചു. സർക്കാർ നടപടിയിൽ വെല്ലുവിളി ഉയർത്താനുള്ള അനുവാദം Justice Tara Burns ആണ് കുട്ടിക്ക് നൽകിയത്. ഇതിന്മേലുള്ള വാദം അടുത്ത മാസം നടക്കുമെന്നാണ് സൂചന.

വിവാദനായകൻ അലക്സാണ്ടർ ബെക്മിർസേവിന്റെ ജീവിതം ഇങ്ങനെ :

1990 കളിൽ ഇസ്ലാം മതം സ്വീകരിച്ച അലക്സാണ്ടർ ബെക്മിർസേവ് 1999 ൽ ബെലാറസിൽ നിന്ന് അയർലണ്ടിലെത്തി.

2001 ൽ അദ്ദേഹം ഒരു ബ്രിട്ടീഷ് പൗരയെ വിവാഹം കഴിച്ചു. ഇത് അലക്സാണ്ടറിനെ ഐറിഷ് പൗരത്വം നേടാൻ സഹായിച്ചു. ആ വിവാഹം 2010 ന്റെ തുടക്കത്തിൽ അവസാനിച്ചു. തുടർന്ന് ഇയാൾ Iryna Paltarzhytskaya-യെ വിവാഹം കഴിച്ചു.

2013 ഏപ്രിലിൽ ഡബ്ലിനിൽ വച്ച് ഇവർക്ക് ഒരു മകൻ ജനിച്ചു. തൊട്ടുപിന്നാലെ ISIS വേണ്ടിയുള്ള പോരാട്ടത്തിനായി ബെക്മിർസേവ് ISIS-ന്റെ നിയന്ത്രണത്തിലുള്ള സിറിയയിലേക്ക് പുറപ്പെട്ടു. 2014-ൽ വീണ്ടും കുടുംബം സിറിയയിൽ വച്ച് ഒന്നിച്ചു. 2018 ൽ ISIS കാലിഫേറ്റ് പരാജയപ്പെടുന്നതുവരെ ഇവർ അവിടെ തുടർന്നു.

കുർദിഷ് സൈനികർ ബെക്മിറേവിനെ പിടികൂടി ജയിലിലടച്ചു. മകനെയും ഭാര്യയെയും സിറിയയിലെയും തുർക്കിയിലെയും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. ആൺകുട്ടിയുടെ ഐറിഷ് പാസ്‌പോർട്ട് തുർക്കി അധികൃതർ കണ്ടുകെട്ടി, പുതുക്കലിനായുള്ള അപേക്ഷയും നൽകി. പിന്നീട് ഇവരെ തുർക്കിയിലെ അഭയാർഥിക്യാമ്പിൽ നിന്ന് ബെലാറസിലേക്ക് നാടുകടത്തുകയാണുണ്ടായത്.

Share this news

Leave a Reply

%d bloggers like this: