കോവിഡ് വ്യാപനം: അയര്‍ലണ്ടില്‍ കര്‍ശനനിയന്ത്രണങ്ങളുമായി ലെവല്‍-5 ലോക്ക് ഡൗണ്‍

അയര്‍ലണ്ടില്‍ കോവിഡ്-19 വീണ്ടും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ലെവല്‍-5 ലോക്ക് ഡൗണ്‍ നടപ്പില്‍വരുത്തി സര്‍ക്കാര്‍. നിലവിലെ ലെവല്‍-5 നിയന്ത്രണങ്ങളില്‍ കര്‍ശന ഭേദഗതികള്‍ വരുത്തിയാണ് പുതിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചത്.

ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശനനിരോധനമാണ് പുതിയ നിയന്ത്രണപ്രകാരമുള്ള പ്രധാന നിര്‍ദ്ദേശം. വിവാഹം, സംസ്‌കാരച്ചടങ്ങ് എന്നിവയ്ക്ക് മാത്രം വളരെ കുറഞ്ഞ ആളുകളെ പങ്കെടുപ്പിക്കാം. മറ്റ് ഒരു തരത്തിലുള്ള കൂട്ടംകൂടലും പാടില്ല.

വീടുകളിലോ ഗാര്‍ഡനുകളിലോ നടക്കുന്ന ഒത്തുചേരലില്‍ ഡിസംബര്‍ 26 രണ്ട് വീട്ടുകാര്‍ മാത്രമേ പരമാവധി പാടുള്ളൂ. ഡിസംബര്‍ 26  മുതൽ   ഡിസംബര്‍ 31 വരെ ഒരു കുടുംബത്തെ വീടുകളിൽ ക്ഷണിക്കാം.  ജനുവരി ഒന്നോടെ ഇതിനും നിയന്ത്രണം വരും. അസുഖമുള്ളവരെ പരിചരിക്കുന്നത് മുതലായ ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളിലല്ലാതെ മറ്റൊരു വീട്ടില്‍ പോകാന്‍ ജനുവരി 1 മുതല്‍ വിലക്കുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് വേറെ വീട്ടുകാരുടെ സഹായം (support bubble) ആവശ്യപ്പെടാം. അങ്ങനെയെങ്കില്‍ രണ്ട് വീട്ടുകാരെയും ഒറ്റ വീടായാണ് പരിഗണിക്കുക.

ആളുകളെ പങ്കെടുപ്പിക്കുന്ന തിയറ്റര്‍ പരിപാടികള്‍, ബിസിനസ് മീറ്റിങ്ങുകള്‍, ട്രെയിനിങ്, കോണ്‍ഫറന്‍സുകള്‍, കലാപരിപാടികള്‍ എന്നിവയൊന്നും തന്നെ അകത്തോ പുറത്തോ നടത്താന്‍ അനുമതിയില്ല.

മതാചാര പരിപാടികള്‍ക്കും നിയന്ത്രണങ്ങളുണ്ട്. ഡിസംബര്‍ 26 മുതല്‍ ഓണ്‍ലൈനായി വേണം ഇത്തരം പരിപാടികള്‍ നടത്താന്‍. ആരാധനാലയങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാമെങ്കിലും കൂട്ടം ചേര്‍ന്നുള്ള പ്രാര്‍ത്ഥന പാടില്ല. സ്വകാര്യ പ്രാര്‍ത്ഥനാ പരിപാടികള്‍ ആകാം.

ജനുവരി 2 വരെ വിവാഹങ്ങള്‍ക്ക് 25 അതിഥികളെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്ന് കര്‍ശനനിര്‍ദ്ദേശമുണ്ട്. ശവസംസ്‌കാരച്ചടങ്ങുകളില്‍ 10 പേരില്‍ കൂടുതല്‍ പാടില്ല.

യാത്രകളുടെ നിയന്ത്രണം ഇപ്രകാരം: ഡിസംബര്‍ 26ന് ശേഷം സ്വന്തം കൗണ്ടി വിട്ട് പുറത്തുപോകാന്‍ പാടില്ല. 26നു ശേഷം മറ്റ് കൗണ്ടികളില്‍ പോയവര്‍ക്ക് തിരികെ വരാം, പക്ഷേ പുതിയ യാത്രകള്‍ പാടില്ല. 27 മുതല്‍ മറ്റ് കൗണ്ടികളിലേയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ ഒഴിവാക്കാന്‍ പറ്റാത്ത ജോലി, മെഡിക്കല്‍ അപ്പോയിന്റ്‌മെന്റ്, disability day service, കോടതിയില്‍ ഹാജരാകല്‍, കുടുംബത്തിന് അത്യാവശ്യം പരിചരണം ആവശ്യമായി വരിക, വിവാഹം, ശവസംസ്‌കാരം, കല്ലറ സന്ദര്‍ശിക്കുക എന്നിവയില്‍ ഏതെങ്കിലും ആവശ്യം ഉണ്ടായിരിക്കണം.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. 25% സീറ്റുകളില്‍ മാത്രമേ ആളുകള്‍ പാടുള്ളൂ. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 25% സീറ്റ് എന്ന നിയന്ത്രണമില്ല.

ആരോഗ്യം, സോഷ്യല്‍ കെയര്‍, മറ്റ് അത്യാവശ്യ ജോലികള്‍ എന്നിവയൊഴികെ എല്ലാം work from home സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. സ്‌കൂളുകള്‍, ചൈല്‍ഡ് കെയര്‍, പ്രീസ്‌കൂളുകള്‍ എന്നിവ നിബന്ധനകളോടെ പ്രവര്‍ത്തിക്കും.

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനം ഓണ്‍ലൈനായി വേണം നടത്താന്‍. പ്രത്യേകസാഹചര്യങ്ങളില്‍ നേരിട്ടുള്ള പഠനം നടത്താം.

70നു മുകളില്‍ പ്രായമുള്ളവരും രോഗികളുമായ എല്ലാ ആളുകളും അതീവജാഗ്രത പാലിക്കണം. കഴിവതും വീട്ടില്‍ തന്നെ ഇരിക്കുക.

ഗുരുതരാവസ്ഥയിലുള്ള രോഗികളല്ലാതെ ആരും തന്നെ ആശുപത്രികള്‍, നഴ്‌സിങ് ഹോം എന്നിവ സന്ദര്‍ശിക്കാന്‍ പാടില്ല. അംഗവൈകല്യമുള്ളവര്‍ക്കായുള്ള സേവനം, മാനസികാരോഗ്യ പരിചരണം, ഗാര്‍ഹിക-ലൈംഗിക പീഡനം നേരിടുന്നവര്‍ക്കുള്ള സേവനം എന്നിവ Nphet-ന്റെ ഉപാധകളോടെ പ്രവര്‍ത്തിക്കും.

മ്യൂസിയം, ഗാലറി തുടങ്ങിയവ അടഞ്ഞുകിടക്കും. ഡിസംബര്‍ 24ന് 3 മണിക്ക് ശേഷം റസ്റ്ററന്റുകള്‍, പബ്ബുകള്‍ എന്നിവ തുറക്കാന്‍ പാടില്ല.

വിനോദസഞ്ചാരികള്‍ക്ക് ഹോട്ടല്‍ റൂം നല്‍കാന്‍ പാടില്ലെങ്കിലും നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ഡിസംബര്‍ 26 വരെ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ ചെയ്യാം.

കടകളില്‍ മാസ്‌ക് ധരിച്ച് കച്ചവടം നടത്താന്‍ അനുമതിയുണ്ട്. അതേസമയം പുതുവത്സര കച്ചവടത്തിന് നിയന്ത്രണം വരുത്താനും നിര്‍ദ്ദേശമുണ്ട്.

മാച്ചുകള്‍, കൂട്ടം കൂടിയുള്ള ട്രെയിനിങ്ങുകള്‍, എക്‌സര്‍സൈസ്, ഡാന്‍സ് ക്ലാസുകള്‍ എന്നിവയെല്ലാം നിരോധിച്ചു. അതേസമയം അടച്ചിട്ട ഇടങ്ങളില്‍ സമ്പര്‍ക്കമില്ലാത്ത രീതിയില്‍ സ്‌പോര്‍ട്‌സ് ട്രെയിനിങ്ങുകള്‍ നടത്താം. 15 പേരില്‍ കൂടാതെയുള്ള സമ്പര്‍ക്കരഹിത ട്രെയിനിങ് പുറം മൈതാനങ്ങളിലും നത്താം. ജിമ്മുകളിലും സ്വിമ്മിങ് പൂളുകളിലും പേഴ്‌സണല്‍ ട്രെയിനിങ് മാത്രം.

Share this news

Leave a Reply

%d bloggers like this: