സുഗതകുമാരി അന്തരിച്ചു

പ്രശസ്ത മലയാള കവയിത്രി സുഗതകുമാരി അന്തരിച്ചു. കോവിഡിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ സുഗതകുമാരിയുടെ മരണത്തിലേയ്ക്ക് നയിച്ചത്. 86 വയസായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ബ്രോങ്കോന്യൂമോണിയ ബാധിക്കുകയും, ചൊവ്വാഴ്ച ഹൃദയാഘാതമുണ്ടാകുകയും ചെയ്തിരുന്നു.

കവിയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി 22ന് ആറന്മുളയിലാണ് സുഗതകുമാരി ജനിച്ചത്. വൈകാരികമായ കവിതകളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ചിരപ്രതിഷഠ നേടിയ അവര്‍ കവയിത്രിക്ക് പുറമെ പരിസ്ഥിതിവാദിയായും, സ്ത്രീസംരക്ഷണ പോരാളിയായും അറിയപ്പെട്ടു. പ്രകൃതിസംരക്ഷണ സമിതി, അഭയ എന്നീ സംഘടനകളുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു സുഗതകുമാരി.

2006-ല്‍ പത്മശ്രീ പുരസ്‌കാരം നേടി. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിങ്ങനെ എല്ലാ പ്രധാന അവാര്‍ഡുകളും നേടി.

ഭര്‍ത്താവ് പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, കുറിഞ്ഞിപ്പൂക്കള്‍, രാധയെവിടെ, തുലാവര്‍ഷപ്പച്ച തുടങ്ങിയവ പ്രധാനകൃതികളാണ്. പത്ത് കവിതാസമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: