ആദ്യഘട്ട കോവിഡ് വാക്‌സിന്‍ അയര്‍ലണ്ടിലെത്തി

കോവിഡിനെതിരായ പോരാട്ടത്തിന് പ്രതീക്ഷയേറ്റിക്കൊണ്ട് ആദ്യഘട്ട വാക്‌സിന്‍ അയര്‍ലണ്ടിലെത്തി. Pfizer/BioNTech നിര്‍മ്മിച്ച 10,000 ഡോസ് വാക്‌സിന്‍ -71 ഡിഗ്രി സെല്‍ഷ്യസില്‍ സിറ്റിവെസ്റ്റിലുള്ള കോള്‍ഡ് സ്‌റ്റോറേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

‘എപ്പോഴാണ് ഒരു ഫ്രിഡ്ജ് ഫോട്ടോയെടുക്കാന്‍ മാത്രം മൂല്യമുള്ളതാകുക? അയര്‍ലണ്ടിനായുള്ള ആദ്യ കോവിഡ് വാക്‌സിന്‍ അതിനുള്ളിലുള്ളപ്പോള്‍’ എന്ന് വാക്‌സിന്‍ എര്‍പോര്‍ട്ടിലെത്തിയ ചിത്രമടക്കം ആരോഗ്യമന്ത്രി Stephen Donnelly ട്വീറ്റ് ചെയ്തു. ഡിസംബര്‍ 30 ബുധനാഴ്ച മുതല്‍ ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സിങ് ഹോമുകളിലെ താമസക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിനുകള്‍ നല്‍കുക. ജനുവരി ആദ്യ ആഴ്ച മുതല്‍ ആയിരക്കണക്കിന് ഡോസുകള്‍ രാജ്യത്ത് എത്തിത്തുടങ്ങുമെന്നും Donnelly കൂട്ടിച്ചേര്‍ത്തു.

ജനുവരി അവസാനത്തോടെ 30,000 നഴ്‌സിങ് ഹോം അന്തേവാസികളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് HSE അറിയിച്ചു. ഇവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശേഷം 70 വയസ് കഴിഞ്ഞവര്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍, 65 വയസ് കഴിഞ്ഞവര്‍, 65 വയസ് വരെ പ്രായമുള്ളവര്‍, 69 വയസ് വരെ പ്രായമുള്ളവര്‍, മറ്റ് പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാക്രമം. ഇവര്‍ക്ക് ശേഷം 18 മുതല്‍ 64 വരെ പ്രായമുള്ള രോഗാവസ്ഥയിലുള്ള പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ഇവര്‍ക്കൊപ്പം ജനക്കൂട്ടത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവരെയും, ദീര്‍ഘകാലമായി ശുശ്രൂഷയിലിരിക്കുന്നവരെയും വാക്‌സിനേറ്റ് ചെയ്യാനാണ് പദ്ധതി.

ഇവര്‍ കഴിഞ്ഞാല്‍ വൈറസ് പിടിപെടാന്‍ സാധ്യതയുള്ള ജോലി ചെയ്യുന്നവര്‍, വിദ്യാഭ്യാസമേഖലയിലെ ജോലിക്കാര്‍, 55 മുതല്‍ 64 വരെ പ്രായമുള്ളവര്‍, രാജ്യത്തെ ചലനാത്മകമാക്കുന്ന പ്രധാന ജോലികള്‍ ചെയ്യുന്നവര്‍, 18 മുതല്‍ 54 വരെ പ്രായമുള്ളവര്‍ എന്നിവര്‍ വാക്‌സിന്‍ സ്വീകരിക്കണം.

എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യണമെങ്കില്‍ മെയ്-ജൂണ്‍ വരെ കാലതാമസമുണ്ടാകുമെന്ന് ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി. അപ്പോഴേയ്ക്ക് മാത്രമേ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാവുകയുള്ളൂ.

Share this news

Leave a Reply

%d bloggers like this: