ലോകത്തില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ, ലഭ്യമായ വിവരങ്ങളനുസരിച്ച്, ലോകത്തില്‍ തന്നെ നിലവില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി കൂടിയാണ് 21കാരിയായ ആര്യ രാജേന്ദ്രനെ തേടിയെത്തുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും ജയിച്ചെത്തിയ ആര്യ, തുമ്പ ഓള്‍ സെയിന്റ്‌സ് കോളജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ്. പരീക്ഷാ തിരക്കുകള്‍ക്കിടെയായിരുന്നു പ്രചരണമെന്നതിനാല്‍ മൂന്ന് പരീക്ഷകള്‍ എഴുതാന്‍ സാധിച്ചുമില്ല.

വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസമുള്ളവരും ഭരണരംഗത്തേയ്ക്ക് വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ത്ഥിനിയായ ആര്യ പറയുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ഓരോ തെരഞ്ഞെടുപ്പ് കാലത്തും മുറവിളിയുയരുമ്പോഴും ഇന്ത്യയില്‍ ഒട്ടുമിക്ക രാഷ്ട്രീയ-ഭരണ രംഗങ്ങളിലും തലമുതിര്‍ന്നവര്‍ക്ക് തന്നെയാണ് എപ്പോഴും പരിഗണന. ഇതിന് വലിയൊരു മാറ്റമാകും ആര്യയുടെ മേയര്‍ സ്ഥാനം. ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ യുവാക്കളെ രംഗത്തിറക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും നിര്‍ബന്ധിതരാകുകയും ചെയ്യും.

അതേസമയം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി റെക്കോര്‍ഡിട്ടത് മൈക്കിള്‍ സെഷന്‍സ് എന്ന അമേരിക്കക്കാരനാണ്. 2005 നവംബര്‍ 21ന് മിഷിഗണ്‍ സംസ്ഥാനത്തെ ഹില്‍സ്‌ഡേല്‍ നഗരത്തില്‍ മേയറായി സ്ഥാനമേല്‍ക്കുമ്പോള്‍ വെറും 18 വയസായിരുന്നു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന സെഷന്‍സിന്. മേയറായി നാല് വര്‍ഷം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

Share this news

Leave a Reply

%d bloggers like this: