അയര്‍ലണ്ടില്‍ 2021-ല്‍ 25,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍

അയര്‍ലണ്ടിലെ പാര്‍പ്പിടപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി 2021-ല്‍ 25,000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍. രാജ്യത്തെ നിലവിലുള്ള ജനസംഖ്യാ നിരക്കനുസരിച്ച് വര്‍ഷം 33,000 പുതിയ വീടുകള്‍ നിര്‍മ്മിക്കപ്പെടണമെന്ന് The Economic and Social Research Institute (ESRI)-ന്റെ കണക്ക്. അതേസമയം ഈ വര്‍ഷം 17,000 മുതല്‍ 18,000 വീടുകളുടെ പണി പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എന്നാല്‍ ഈ വര്‍ഷമവസാനം 20,000 വീടുകളുടെയെങ്കിലും പണി പൂര്‍ത്തിയാകുമെന്നാണ് Construction Industry Federation (CIF) ഡയറക്ടര്‍ ജനറല്‍ Tom Parlon പറയുന്നത്. കോവിഡ് ബാധ കാരണം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇടിവ് നേരിട്ടെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ മേഖല കരുത്താര്‍ജ്ജിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കിയത് ഇതിന് സഹായകമായി.

രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധിക്ക് പരിഹാരം കാണാനായി ഇടപെടേണ്ടത് സര്‍ക്കാരാണെന്ന് Parlon അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഡബ്ലിനില്‍ ഒറ്റമുറി വീടിന് പോലും ആവശ്യക്കാരേറെയാണെന്നും, അത്തരത്തില്‍ നിര്‍മ്മാണം നടത്തി, ജനങ്ങളെ വീട് വാങ്ങാന്‍ പ്രാപ്തരാക്കേണ്ടതിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ മനസിലാക്കി, അപരിചിതര്‍ക്ക് ഒന്നിച്ച് ജീവിക്കാനുള്ള തരത്തില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിലേയ്ക്ക് സ്വകാര്യ കമ്പനികള്‍ മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഈ വര്‍ഷം നിര്‍മ്മിച്ച 9,000 വീടുകള്‍ പബ്ലിക് ഹൗസിങ്ങിനായിരിക്കുമെന്ന് ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അടുത്ത വര്‍ഷം നിര്‍മ്മിക്കുന്ന 25,000 വീടുകളില്‍ 12,500 എണ്ണം ഇതേ വകുപ്പില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവയുടെ നിര്‍മ്മാണം സര്‍ക്കാര്‍ തന്നെ നടത്തുകയോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയോ ചെയ്യും. ഈ വര്‍ഷം ഹൗസിങ്ങിനായി 3.3 ബില്യണ്‍ യൂറോ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ഹൗസിങ് സങ്കല്‍പ്പത്തിലാണ് തന്റെ പാര്‍ട്ടി വിശ്വസിക്കുന്നതെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

2021-ല്‍ affordable housing scheme എന്ന പേരില്‍ സര്‍ക്കാര്‍ തുടക്കമിടുന്ന പദ്ധതി വഴി സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും, മധ്യവര്‍ഗ്ഗക്കാര്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന വീടുകള്‍ വാങ്ങാന്‍ കഴിയുമെന്ന് ടീഷെക് പറഞ്ഞു. 75 മില്യണ്‍ യൂറോ ഇതിനായി അനുവദിച്ചുകഴിഞ്ഞെന്നും, 2,000 വീടുകള്‍ ഇത്തരത്തില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവയില്‍ എത്ര വീടുകള്‍ 2021 പണി പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കിയില്ല.

Share this news

Leave a Reply

%d bloggers like this: