വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി E-Working ടാക്സ് ഇളവുമായി ഐറിഷ് സർക്കാർ

കോവിഡ് പ്രതിസന്ധി അയര്‍ലണ്ടിലെ തൊഴില്‍മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. എന്നത്തെക്കാളും ‘വര്‍ക്ക് ഫ്രം ഹോം’ വ്യാപകമായി സ്വീകരിക്കപ്പെട്ടു തുടങ്ങിയതും കോവിഡോടെയാണ്. ഇത്തരത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനാരംഭിച്ചതോടെ ഇവര്‍ക്ക് ടാക്‌സ് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍. E-Working Tax relief എന്നറിയപ്പെടുന്ന ഈ സഹായം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന അധിക ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 2021 ബജറ്റിലാണ് പദ്ധതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

ബ്രോഡ്ബാന്‍ഡ് ചെലവിന്റെ 30%, വൈദ്യുതി, ഹീറ്റര്‍ ബില്ലിന്റെ 10% എന്നിവയും, മറ്റ് അത്യാവശ്യ ചെലവുകളുടെ ഒരു വിഹിതവും സര്‍ക്കാര്‍ ടാക്‌സ് ഇളവായി നല്‍കും. ഈയിനത്തില്‍ നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനം ചെലവ് ഏറ്റെടുക്കുന്നില്ലെങ്കില്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്നും ടാക്‌സ് റിലീഫ് ലഭിക്കുക.

വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവര്‍ സ്ഥാപനവുമായി അത് സംബന്ധിച്ച് വ്യക്തമായ രേഖ ഉണ്ടാക്കിയിരിക്കണം. ജോലി സംബന്ധമായി അത്യാവശ്യ കാര്യങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യണം. ഇത് രണ്ടും നിങ്ങള്‍ക്കുണ്ടെങ്കില്‍ ടാക്‌സ് ഇളവിനായി അപേക്ഷിക്കാം. പാര്‍ട്ട് ടൈമായോ ഫുള്‍ ടൈമായോ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അപേക്ഷ നല്‍കാം. പക്ഷേ ഓഫീസ് ജോലികള്‍ വീട്ടില്‍ നിന്നും ഒഴിവുസമയങ്ങളിലും, വീക്കെന്‍ഡുകളിലും ചെയ്യുന്നതിന് ഇളവ് ലഭിക്കില്ല.

നിങ്ങളുടെ ജോലി സ്ഥാപനം ഈ ചെലവുകള്‍ക്കായി ദിവസേന 3.20 യൂറോ വരെയാണ് നല്‍കുന്നതെങ്കില്‍ ഈ തുകയ്ക്ക് ടാക്‌സ്, PRSI, USC എന്നിവ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ചെലവ് തുക അതില്‍ കൂടുതലാണെങ്കില്‍ ആ തുകയ്ക്കനുസരിച്ചുള്ള ടാക്‌സ് PRSI, USC എന്നിവ നല്‍കണം. ഇത്തരത്തില്‍ ചെലവ് ലഭിക്കുമെങ്കിലും, ജോലിക്കാര്‍ക്ക് ഈ തുക നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ ബാധ്യതയില്ല.

സ്ഥാപനം ഈ ചെലവ് തരാത്ത പക്ഷം സര്‍ക്കാര്‍ ഈ തുക ടാക്‌സ് ഇളവായി നല്‍കും. വര്‍ഷാവസാനം ഇതിനായി അപേക്ഷിക്കാം. ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ഇളവ് ലഭിക്കുക.

E-working ടാക്‌സ് ഇളവിനായി റവന്യൂ ബെവ്‌സൈറ്റിലെ myAccount വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.citizensinformation.ie/en/money_and_tax/tax/income_tax_credits_and_reliefs/eworking_and_tax_relief.html

Share this news

Leave a Reply

%d bloggers like this: