ഐഎസിൽ ചേരാനായി രാജ്യം വിട്ടു; 21-കാരിക്ക് പൗരത്വം തിരികെ നൽകില്ലെന്നും യു.കെ.യിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും സുപ്രീം കോടതി

സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തീവ്രവാദ സംഘടനയില്‍ ചേരാനായി രാജ്യം വിട്ടുപോയ യുവതിക്ക് തിരികെ യു.കെയിലേയ്ക്ക് വരാന്‍ സാധിക്കില്ലെന്നും, പൗരത്വം തിരികെ നല്‍കില്ലെന്നും വ്യക്തമാക്കി കോടതി വിധി. 21-കാരിയായ Shamima Begum ആണ് ആറ് വര്‍ഷം മുമ്പ് 15-ാം വയിസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോള്‍ ഐഎസില്‍ ചേരാനായി സിറിയയിലേയ്ക്ക് പോയത്. ഇവര്‍ക്ക് പൗരത്വം തിരികെ നല്‍കില്ലെന്നും, പൗരത്വം ലഭിക്കാനായി കേസ് നടത്താന്‍ യു.കെയില്‍ എത്താന്‍ അനുവാദം നല്‍കില്ലെന്നും യു.കെ സുപ്രീം കോടതി ജഡ്ജിമാര്‍ വെള്ളിയാഴ്ച ഏകകണ്ഠമായി വ്യക്തമാക്കിയതായി കോടതി പ്രസിഡന്റായ Lord Reed അറിയിച്ചു. യു.കെ ഹോം സെക്രട്ടറിയും, Shamima Beegum-വും എതിര്‍കക്ഷികളായായിരുന്നു കേസ് വിചാരണ.

സ്‌കൂളിലെ കൂട്ടുകാരായ മറ്റ് രണ്ട് പേരോടൊപ്പം ഐഎസില്‍ ചേരാന്‍ പോയ Shamima, 2019-ല്‍ സിറിയയിലെ കുര്‍ദിഷുകാരുടെ പിടിയിലകപ്പെടുകയായിരുന്നു. ഇവരുടെ തടവില്‍ കഴിയവേ ഒരു മാധ്യമപ്രവര്‍ത്തകന്‍ Shamima-യുടെ ജീവിതം വാര്‍ത്തയാക്കിയതോടെയാണ് കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് 2019-ല്‍ യു.കെ Shamima-യുടെ പൗരത്വം റദ്ദാക്കി. യു.കെയില്‍ ജനിച്ചു വളര്‍ന്ന Shamima-യുടെ മാതാപിതാക്കള്‍ ബംഗ്ലാദേശുകാരായതിനാല്‍ Shamima ബംഗ്ലാദേശ് പൗരത്വത്തിന് അര്‍ഹയാണെന്ന് കാണിച്ചായിരുന്നു അന്നത്തെ ഹോം സെക്രട്ടറി Sajid Javid-ന്റെ നടപടി. ഇതെത്തുടര്‍ന്ന് പൗരത്വം തിരികെ ലഭിക്കാനും, യു.കെയില്‍ വിചാരണ നേരിടാനുമായി Shamima കേസ് നല്‍കുകയായിരുന്നു.

സമൂഹത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുന്ന യു.കെ പൗരന്മാരുടെ പൗരത്വം റദ്ദാക്കാന്‍ ഹോം സെക്രട്ടറിക്ക് യു.കെയില്‍ നിയമപരമായി അധികാരമുണ്ട്. എന്നാല്‍ അത്തരം നടപടി കൈക്കൊണ്ട ശേഷം വ്യക്തിക്ക് സ്വന്തമായി യാതൊരു രാജ്യത്തിന്റെയും പൗരത്വം ഇല്ലാതായി മാറുന്നതാകട്ടെ നിയമവിരുദ്ധവുമാണ്. ഈ സാഹചര്യത്തില്‍ വളരെ സുപ്രധാനമാണ് Shamima Begum കേസില്‍ സുപ്രീം കോടതിയുടെ വെള്ളിയാഴ്ചത്തെ വിധി.

നേരത്തെ Shamima-യ്ക്ക് തിരികെയെത്തി യു.കെയില്‍ വിചാരണ നേരിടാമെന്ന് അപ്പീല്‍ കോടതി വിധിച്ചെങ്കിലും സുപ്രീം കോടതി ഈ വിധി തള്ളുകയായിരുന്നു. തിരികെ വരാന്‍ അനുവാദം നല്‍കിയില്ലെങ്കിലും പൗരത്വം സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. Shamima സമൂഹത്തിന് ഭീഷണിയാകാത്ത കാലത്ത് മാത്രം കേസ് വീണ്ടും പരിഗണിച്ചാല്‍ മതിയെന്നാണ് കോടതിയുടെ തീരുമാനം. എന്നാല്‍ അത് എപ്പോഴാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കൗമാര കാലത്ത് ഐഎസില്‍ ചേര്‍ന്ന Shamima Begum ഒരു ഐഎസ് പോരാളിയെ വിവാഹം കഴിക്കുകയും, അതില്‍ മൂന്ന് കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നു. മൂന്ന് പേരും മരണപ്പെട്ടു. 2019-ല്‍ ഐഎസ് പരാജയപ്പെട്ട ഏറ്റുമുട്ടലില്‍ Shamima സിറിയന്‍ കുര്‍ദ്ദുകളുടെ പിടിയിലകപ്പെടുകയായിരുന്നു. ഇവരുടെ ക്യാംപില്‍ കഴിയുന്ന Shamima-യ്ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നും, മര്‍ദ്ദനം ഏല്‍ക്കാറുണ്ടെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: