മ്യാന്മറിൽ സ്ഥിതി ഗുരുതരം; ജനകീയ പ്രക്ഷോഭകരെ പട്ടാളം വെടിവച്ച് കൊല്ലുന്നു

ഓങ്‌സാന്‍ സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കി ഭരണം പിടിച്ചെടുത്ത പട്ടാളം ജനകീയ പ്രക്ഷോഭത്തെ തോക്ക് കൊണ്ട് നേരിടുന്നതായി റിപ്പോര്‍ട്ട്. പട്ടാളത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളെ വെടിവച്ച് വീഴ്ത്തുകയാണ് സൈന്യം. ഞായറാഴ്ച രാവിലെ രണ്ട് പേരെ ഇത്തരത്തില്‍ സൈന്യം കൊലപ്പെടുത്തിയതായി Myanmar Now റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്മര്‍ തലസ്ഥാനമായ യാംഗോണ്‍, കിഴക്കന്‍ പട്ടണമായ ദാവെയ് എന്നിവിടങ്ങളിലും വെടിവെപ്പുണ്ടായി. ജനങ്ങള്‍ക്ക് നേരെ പട്ടാളം വെടിവെക്കുന്നതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പലര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുമുണ്ട്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്നത്. ഇവരെ വിരട്ടിയോടിക്കാനും സൈന്യം ശ്രമിക്കുന്നുണ്ട്. തലസ്ഥാനമായ യാംഗോണിന് പുറമെ മാണ്ടലെയ്‌നിലും പ്രക്ഷോഭം നടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേയ്ക്കും പ്രക്ഷോഭം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 1-നാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയാണ് സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തത്.

അതേസമയം മ്യാന്മറിലെ പട്ടാള ഭരണത്തിനെതിരെ മ്യാന്മര്‍ യു.എന്‍ പ്രതിനിധി ക്യോമോ തുന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സൂചി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായും, രാജ്യത്തെ പട്ടാള ഭരണം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഇതോടെ തങ്ങള്‍ക്കെതിരെ സംസാരിക്കരുതെന്ന് എല്ലാ വിദേശ രാജ്യങ്ങളിലെയും മ്യാന്മര്‍ അംബാസഡര്‍മാരോട് പട്ടാളം ആവശ്യപ്പെട്ടിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: