Bank of Ireland ബ്രാഞ്ചുകൾ പൂട്ടുന്നത് നിങ്ങളെ എത്തരത്തിൽ ബാധിക്കും?

ഡിജിറ്റല്‍ ബാങ്കിങ് സംവിധാനം ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതായും, ബ്രാഞ്ചുകളില്‍ നേരിട്ടെത്തുന്നവര്‍ കുറയുന്നതായും കാട്ടിയാണ് അയര്‍ലണ്ടിലെ 88 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ Bank of Ireland തീരുമാനിച്ചിരിക്കുന്നത്. കോവിഡ് ആഘാതമേല്‍പ്പിച്ചതു കാരണമുണ്ടായ സാമ്പത്തിക നഷ്ടവും ഇതിന് ഹേതുവായതായി കരുതപ്പെടുന്നു. വടക്കന്‍ അയര്‍ലണ്ടിലെ 15 ബ്രാഞ്ചുകളും ഇതോടൊപ്പം പൂട്ടും.

ശാഖകള്‍ പൂട്ടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് An Post വഴി Bank of Ireland ഇടപാടുകള്‍ നടത്താനാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നിരവധി കാര്യങ്ങളെ സംബന്ധിച്ച് ഇടപാടുകാര്‍ ആശങ്കയിലാണ്. അതേസമയം ഈ ആശങ്കകളെല്ലാം പരിഹരിക്കുന്ന തരത്തില്‍ വിശദീകരണവും ബാങ്ക് നല്‍കുന്നുണ്ട്.

നിങ്ങളുടെ ലോക്കല്‍ ശാഖ പൂട്ടുന്ന സാഹചര്യത്തില്‍ പ്രദേശത്തെ An Post വഴി ഒട്ടുമിക്ക ബാങ്കിങ് ഇടപാടുകളും നടത്താവുന്നതാണ്. പണം പിന്‍വലിക്കല്‍, പണം നിക്ഷേപിക്കല്‍, ചെക്ക് മാറല്‍ എന്നിവയെല്ലാം ഇതില്‍ പെടും. ശാഖകള്‍ പൂട്ടുന്നതിന് മുമ്പ് തന്നെ പോസ്റ്റ് ഓഫീസുകള്‍ ഈ സേവനങ്ങള്‍ നല്‍കിത്തുടങ്ങും. ഇത്തരത്തില്‍ രാജ്യത്താകമാനമുള്ള 900 സ്ഥലങ്ങളില്‍ An Post-മായി Bank of Ireland ധാരണയിലെത്തിയിട്ടുണ്ട്. ഒപ്പം മറ്റ് ATM സേവനങ്ങള്‍ ഇല്ലാത്ത ഏതാനും ഇടങ്ങളില്‍ നിലവിലെ തങ്ങളുടെ ATM സേവനം തുടരാനും Bank of Ireland തീരുമാനിച്ചിട്ടുണ്ട്.

അടുത്ത ആറു മാസത്തിന് ശേഷം മാത്രമേ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. സെപ്റ്റംബര്‍ മുതല്‍ ഇവ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങും. നിലവില്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും, ബ്രാഞ്ച് പൂട്ടുന്നതിന് രണ്ട് മാസം മുമ്പ് എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നും, ഏത് ബ്രാഞ്ചിലേയ്ക്കാണ് അക്കൗണ്ട് മാറ്റപ്പെടുകയെന്നതുമടക്കം വിശദമായ ഇമെയിലോ, കത്തോ ബാങ്കില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നിലവിലെ അക്കൗണ്ട് നമ്പര്‍ മാറില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മോര്‍ട്ട്‌ഗേജിന് അപേക്ഷിച്ചവരുടെ അപേക്ഷ പതിവ് പോലെ പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അടച്ചുപൂട്ടുന്ന എല്ലാ ബ്രാഞ്ചുകളുടെയും 500 മീറ്റര്‍ പരിധിയിലെങ്കിലും പോസ്റ്റ് ഓഫീസ് ഉള്ളതിനാല്‍ ബാങ്കിങ് സേവനങ്ങളൊന്നും തന്നെ തടസപ്പെടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംശയംനിവാരണത്തിനായി ബാങ്ക് അധികൃതരെ 1800 946 146 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: