Deliveroo ജീവനക്കാരുടെ കണ്ണീരൊപ്പാൻ വരദ്കർ എത്തി; പ്രശ്നപരിഹാരം നടത്തുമെന്ന് വാഗ്ദാനം

Deliveroo-വിന്റെ ഡെലവറി റൈഡര്‍മാര്‍ അവശ്യ ജോലിക്കാരാണെന്നും, അവര്‍ കൂടുതല്‍ മികച്ച പരിഗണനയര്‍ഹിക്കുന്നുവെന്നും ഐറിഷ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. അയര്‍ലണ്ടിലെ Deliveroo ജോലിക്കാര്‍ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടികളെയും ചൂഷണത്തെ പറ്റിയും നേരിട്ടറിയാനായി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വരദ്കറുടെ പ്രതികരണം. ജീവനക്കാരും, ഉപപ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ English Language Student’s Union of Ireland, the Migrant Rights Centre of Ireland, the Immigrant Council of Ireland, the Irish Network Against Racism, Siptu പ്രതിനിധികളും സന്നിഹിതരായിരുന്നു.

Deliveroo ജോലിക്കാര്‍ അനുഭവിക്കുന്ന തൊഴില്‍ അസ്ഥിരത, ചൂഷണം, സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. സ്വയംതൊഴില്‍ എന്ന വിഭാഗത്തിലാണ് Deliveroo ജീവനക്കാര്‍ പെടുന്നത് എന്നതിനാല്‍ അസുഖം കാരണമുള്ള അവധി, വാര്‍ഷിക അവധി തുടങ്ങിയ ആനുകൂല്യങ്ങളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് ജീവനക്കാര്‍ പരാതി പറഞ്ഞു. അതോടൊപ്പം ജീവനക്കാരില്‍ വലിയൊരു പങ്കും കുടിയേറ്റക്കാരായതിനാല്‍, കുടിയേറ്റക്കാര്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമം തങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നതായും ജീവനക്കാര്‍ വ്യക്തമാക്കി. അതിനാല്‍ത്തന്നെ Deliveroo അല്ലാതെ മറ്റ് സൂപ്പര്‍മാര്‍ക്കറ്റുകളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. Deliveroo റൈഡര്‍മാര്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയാകുന്നതായും വ്യാപകമായ പരാതിയുയര്‍ന്നിരുന്നു.

കോവിഡ് കാലത്ത് ഭക്ഷണം ഡെലിവറി ചെയ്യുന്ന രീതി വളരെ അത്യാവശ്യമാണെന്ന് വരദ്കര്‍ അഭിപ്രായപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികളടക്കമുള്ള കുടിയേറ്റക്കാരാണ് Deliveroo ജോലിക്കാരെന്നും, ചൂഷണത്തിന്റെയും, അപമര്യാദയുള്ള പെരുമാറ്റത്തിന്റെയും ഓര്‍മ്മകളാണ് അയര്‍ലണ്ടില്‍ അവര്‍ക്കുള്ളതെന്ന് ചിന്തിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും വര്ദകര്‍ വ്യക്തമാക്കി. ജീവനക്കാരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് താന്‍ എത്തിയതെന്നു പറഞ്ഞ അദ്ദേഹം, പ്രശ്‌നപരിഹാരത്തിനായി ശ്രമം നടത്തുമെന്ന് ഉറപ്പുനല്‍കി.

അതേസമയം 1,000-ലേറെ പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് Deliveroo കമ്പനി വക്താവ് പ്രതികരിച്ചത്. ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളില്‍, ഇഷ്ടമുള്ള സമയങ്ങളില്‍ ജോലി ചെയ്യാനുള്ള സൗകര്യം തങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: