വിക്ക്ലോയിൽ രണ്ടിടങ്ങളിൽ തീപിടിത്തം; വീട്ടിലും, ഷെഡ്‌ഡിലും തീ ആളിപ്പടർന്നു

വിക്ക്‌ലോയില്‍ തൊട്ടടുത്ത ദിവസങ്ങളിലായി രണ്ടിടങ്ങളില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 9 മണിയോടെ Kilcoole-ലായിരുന്നു ആദ്യ സംഭവം. ഇവിടെ ഒരു വീട്ടില്‍ വലിയ ശബ്ദത്തോടെ എന്തോ പൊട്ടിത്തെറിക്കുകയും, തുടര്‍ന്ന് തീ ആളിപ്പടരുകയുമായിരുന്നു. 40-നടുത്ത് പ്രായമുള്ള ഒരു സ്ത്രീ മാത്രമായിരുന്നു ഇവിടെ താമസം. ഇവര്‍ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം ക്രിമിനല്‍ സ്വഭാവമുള്ളതാണെന്ന് സംശയിക്കുന്നതായും, അന്വേഷണം നടത്തുന്നതായും ഗാര്‍ഡ അറിയിച്ചു.

ബുധനാഴ്ച രാവിലെ 8 മണിയോടെ വിക്ക്‌ലോയിലെ തന്നെ Graystone-ലുള്ള Kindlestown-ല്‍ പ്രദേശത്തായിരുന്നു രണ്ടാമത്തെ തീപിടിത്തം. ഇവിടുത്തെ ഒരു എസ്റ്റേറ്റിലുള്ള വീടിന് പുറകിലെ ഷെഡില്‍ വമ്പന്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു. പണിയായുധങ്ങള്‍, ലോഹങ്ങള്‍ മുറിക്കാനും മറ്റുമുള്ള ഉപകരണങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍ എന്നിവയായിരുന്നു ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്നത്. ഭാഗ്യത്തിന് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും, പക്ഷേ ഷെഡ്ഡ് പൂര്‍ണ്ണമായും കത്തി നശിച്ചെന്നും ഫയര്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. സംശയകരമായി ഒന്നും തീപിടിത്തത്തിന് കാരണമായി കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി ഇവിടെ വൈദ്യുത സേവനം നിര്‍ത്തിവച്ചു.

Share this news

Leave a Reply

%d bloggers like this: