അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഡീലർമാരിൽ നിന്ന് വാങ്ങുമ്പോഴും, സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങുമ്പോഴും ഉപഭോക്‌തൃ അവകാശത്തിൽ വരുന്ന വ്യത്യാസങ്ങൾ എന്തെല്ലാം?

കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്ന പലരും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളെപ്പറ്റി ആലോചിക്കാറുണ്ട്. നല്ല കണ്ടീഷനിലുള്ള ഒറു സെക്കന്‍ഡ് ഹാന്‍ഡ് കാറിന്, പുതിയതിനെ അപേക്ഷിച്ച് വില കുറവാണെന്നതാണ് കാരണം. പുതിയ കാര്‍ വാങ്ങിയ ശേഷം പിന്നീട് വില്‍ക്കുമ്പോള്‍ വിപണിമൂല്യം കുറവാണെന്നതും സെക്കന്‍ഡ് ഹാന്‍ഡ് കാറുകളിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്:

1. ഗ്യാരേജ്/ കാര്‍ ഡീലര്‍ വഴി

2. കാറുകള്‍ ലേലം ചെയ്യുന്ന ഇടങ്ങള്‍

3. പത്രം/ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വഴി

ഗ്യാരേജ്/കാര്‍ ഡീലര്‍ വഴി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ പുതിയ കാര്‍ വാങ്ങുമ്പോഴുള്ള അതേ അവകാശങ്ങളാണ് ലഭിക്കുക എന്ന് അയര്‍ലണ്ടിലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉറപ്പാക്കുന്നുണ്ട്. അതായത് വാങ്ങിയ കാറിന് എന്തെങ്കിലും കേടുപാട് വന്നാല്‍ അത് തീര്‍ത്തു കരാനോ, കാര്‍ മാറ്റി നല്‍കാനോ, പണം മടക്കിത്തരാനോ ഡീലര്‍ ബാധ്യസ്ഥരാണ്.

എന്നാല്‍ മറ്റ് ഓപ്ഷനുകള്‍ മുഖേനയാണ് കാര്‍ വാങ്ങുന്നതെങ്കില്‍ ഈ അവകാശങ്ങള്‍ക്ക് പരിധികളുണ്ട്.

ഗ്യാരേജ്/ കാര്‍ ഡീലര്‍ വഴി കാര്‍ വാങ്ങുമ്പോള്‍

ഇവിടെ നിന്നും കാര്‍ വാങ്ങുമ്പോള്‍ (ഓണ്‍ലൈന്‍ ആയാലും) കാറിനെ പറ്റി വ്യക്തമായി പറഞ്ഞുകരാനും, കാര്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഐറിഷ്, EU നിയമങ്ങള്‍ പ്രകാരം ഡീലര്‍മാര്‍ ബാധ്യസ്ഥരാണ്.

ഡീലറെ സമീപിക്കുന്നതിന് മുമ്പ് ഈ ഡീലറുടെ വിശ്വാസ്യത മറ്റുള്ളവരോട് ചോദിച്ചോ, ഓണ്‍ലൈന്‍ വഴിയോ അറിയാന്‍ ശ്രമിക്കണം. ഡീലര്‍ Society of the Irish Motor Industry (SIMI) അംഗമാണ് എന്നും ഉറപ്പുവരുത്തുക. പുതിയ വാഹനം വില്‍ക്കുമ്പോഴുള്ള എല്ലാ നിബന്ധനകളും ഇവിടെയും ഡീലര്‍മാര്‍ പാലിക്കണം.

കാര്‍ വാങ്ങുമ്പോള്‍:

  • കാറിനെപ്പറ്റിയും, മുമ്പ് എത്ര പേര്‍ ഉപയോഗിച്ചിരുന്നു എന്നും വ്യക്തമായി ചോദിച്ചറിയുക.
  • ഗ്യാരന്റി/വാറന്റി രേഖകളെ പറ്റി ചോദിക്കുക.
  • എന്തെങ്കിലും കേടുപാടുകളുണ്ടോ (ടയര്‍, ലൈറ്റ് etc.) എന്ന് പരിശോധിക്കുക. എന്തെങ്കിലും കേടുപാട് ഉള്ള വാഹനമാണെങ്കില്‍ അത് പറഞ്ഞുതരേണ്ടത് ഡീലറുടെ ഉത്തരവാദിത്തമാണ്.
  • കാറിന്റെ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. National Car Test (NCT) Certificate (4 വര്‍ഷത്തില്‍ അധികമായവയ്ക്ക്), Vehicle Registration Tax (VRT), Certificate (imported കാറുകള്‍ക്ക്) എന്നിവ ഉറപ്പുവരുത്തുക. കാറിന്റെ service book, handbook, manual എന്നിവ ആവശ്യപ്പെടാം.
  • കാര്‍ എത്ര ദൂരം ഇതുവരെ ഓടിയിട്ടുണ്ട് എന്ന odometer reading ചെക്ക് ചെയ്യുക. മുമ്പുള്ള odometer readings, NCT certificate-ല്‍ പ്രിന്റ് ചെയ്തിരിക്കും. ഏറ്റവും പുതിയ readings NCT disc-ല്‍ ലഭ്യമായിരിക്കും. ഈ റീഡിങ്ങും, ഡാഷ് ബോര്‍ഡ് മീറ്ററിലെ റീഡിങ്ങും താരതമ്യം ചെയ്യുക. രേഖയിലെ റീഡിങ് കൂടുതലും, മീറ്ററിലെ റീഡിങ് കുറവുമാണെങ്കില്‍ മീറ്റര്‍ അഡ്ജസ്റ്റ് ചെയ്ത് റീഡിങ് കുറച്ചുകാണിച്ചിരിക്കാനാണ് സാധ്യത.
  • കാര്‍ ലഭിക്കുമ്പോള്‍ രണ്ട് കീ ആവശ്യപ്പെടണം.
  • പണം നല്‍കി എന്ന് കാണിക്കുന്ന ഒപ്പിട്ട റസീറ്റ് വാങ്ങുക.

ലേലത്തില്‍ കാര്‍ വാങ്ങുമ്പോള്‍

ലേലത്തില്‍ കാര്‍ വാങ്ങുമ്പോള്‍ കുറഞ്ഞ തുകയ്ക്ക് കാര്‍ ലഭിച്ചേക്കാം. എന്നാല്‍ ഡീലര്‍മാരില്‍ നിന്ന് വാങ്ങുന്ന പോലുള്ള അവകാശങ്ങള്‍ ഇവിടെ ലഭ്യമല്ല. Sold as seen എന്ന രീതിയിലാണ് കാര്‍ ലേലം ചെയ്ത് വില്‍ക്കപ്പെടുന്നതെങ്കില്‍, കാറിന് എന്തെങ്കിലും കേടുപാടുകളുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് വാങ്ങുന്നയാളുടെ ബാധ്യതയാണ്. അതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മെക്കാനിക്കിനെ ഒപ്പം കൂട്ടി, പരിശോധിച്ച ശേഷം മാത്രം ലേലം ഉറപ്പിക്കുക. മാത്രമല്ല ലേലത്തില്‍ ലഭിക്കുന്ന കാറുകള്‍ക്ക്,  manufacturer warranty ഇപ്പോഴും  പ്രാബല്യത്തിലുണ്ടെങ്കില്‍ മാത്രമേ വാറന്റി ലഭ്യമാകൂ. ലേലം ചെയ്യുന്നയാളുടെ കണ്ടീഷനുകള്‍ അംഗീകരിച്ചുകൊണ്ടാണ് ലേലത്തില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക.

സ്വകാര്യവ്യക്തിയില്‍ നിന്നും കാര്‍ വാങ്ങുമ്പോള്‍

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ (DoneDeal, AutoTrader and Carzone etc.) പത്രങ്ങളിലെ പരസ്യങ്ങള്‍ എന്നിവ മുഖേന സ്വകാര്യ വ്യക്തികളും, ചിലപ്പോള്‍ ഡീലര്‍മാരും കാര്‍ വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വളരെ കുറഞ്ഞ അവകാശങ്ങളേ നിയമപ്രകാരം നിങ്ങള്‍ക്ക് ലഭിക്കൂ. ഉപഭോക്താക്കള്‍ക്ക് കാര്‍ വില്‍പ്പന നടത്തുന്ന വ്യാപാരികള്‍ ആണെങ്കില്‍ മാത്രമേ ഉപഭോക്തൃനിയമം ബാധകമാകൂ. സ്വന്തം കാര്‍ ഒരു വ്യക്തി മറ്റൊരാള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

സ്വകാര്യ വ്യക്തികളില്‍ നിന്നും കാര്‍ വാങ്ങുമ്പോള്‍:

  • കാര്‍ ഫിനാന്‍സ് (Hire Purchase (HP) or Personal Contract Plan (PCP)) ഉള്ളതാണെങ്കില്‍, അത് അടച്ച് തീര്‍ത്തതാണെന്നും, കാര്‍ ഇപ്പോള്‍ വില്‍പ്പനക്കാരന്റെ പേരില്‍ ആണെന്നും ഉറപ്പ് വരുത്തുക. ഇതിന്റെ രേഖകള്‍ പരിശോധിക്കുക.
  • Motocheck, Cartell, MyVehicle, Carhistorycheck തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി കാര്‍ മുമ്പ് ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങള്‍ മനസിലാക്കുക.
  • കാറിന് എന്തെങ്കിലും കേടുപടുകളുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. എന്തെല്ലാമാണ് പരിശോധിക്കേണ്ടത് എന്നറിയാന്‍: https://www.ccpc.ie/consumers/wp-content/uploads/sites/2/2017/04/Car-purchase-checklist.pdf
  • മെക്കാനിക്/ഓട്ടോ എഞ്ചിനിയറുടെ സഹായത്തോടെ പരിശോധന നടത്തുക.
  • കാര്‍ മോഡലിനെ പറ്റി വിശദമായി അന്വേഷിച്ച ശേഷം വാങ്ങുക, ഒന്നിലധികം കാറുകള്‍ കണ്ടുനോക്കുക.
  • കാര്‍ കൃത്യമായി സര്‍വീസ് ചെയ്തിട്ടുണ്ടെന്നും, സര്‍വീസ് ബുക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക.
  • ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, PayPal തുടങ്ങിയവ മുഖേന പണം നല്‍കുക. നേരിട്ടോ, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ നല്‍കാതിരിക്കുക. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ തെളിവിന് ഇത് സഹായകമാകും.

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍

VRT  (Vehicle Registration Tax)

ഡീലര്‍/ഓണര്‍ VRT അടച്ചിട്ടുണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തുക.

മറ്റൊരു രാജ്യത്ത് നിന്നും കാർ ഇറക്കുമതി ചെയ്യുകയാണെങ്കില്‍ വാഹനം എത്തിക്കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ National Car Test (NCT) സെന്ററിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനായി ആദ്യം ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതാണ്. രജിസ്‌ട്രേഷന് വാഹനം കൊണ്ടുപോകുന്നതിന് മുമ്പായി റവന്യൂവില്‍ certificate of conformity രജിസ്റ്റര്‍ ചെയ്യാനും ശ്രദ്ധിക്കുക.

Change of vehicle ownership

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍ നിലവിലെ ഉടമയില്‍ നിന്നും നിങ്ങളുടെ പേരിലേയ്ക്ക് ഉടമസ്ഥാവകാശം മാറ്റണം. ഇതിനായി,

  • 1993 ജനുവരി 1-ന് മുമ്പാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ RF200 ഫോം പൂരിപ്പിച്ച് വാഹനത്തിന്റെ ലോഗ് ബുക്കിനൊപ്പം ലോക്കല്‍ ടാക്‌സ് ഓഫീസില്‍ സമര്‍പ്പിക്കണം.
  • 1993 ജനുവരി 1 മുതല്‍ 2004 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്തവയാണെങ്കില്‍, Vehicle Licencing Certificate പൂരിപ്പിച്ച ശേഷം Department of Transport, Tourism and Sport-ലേയ്ക്ക് അയക്കണം.
  • 2004 ഏപ്രില്‍ 1-ന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉചമസ്ഥാവകാശം മാറ്റാനായി Vehicle Registration Certificate പൂരിപ്പിച്ച ശേഷം Department of Transport, Tourism and Sport-ലേയ്ക്ക് അയക്കണം.

ശേഷം ഉടമസ്ഥന്‍ നിങ്ങളാണെന്ന് രേഖപ്പെടുത്തിയ പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ഇനി നിങ്ങള്‍ നിങ്ങളുടെ കാര്‍ ഡീലര്‍ക്ക് വില്‍ക്കുകയാണെങ്കിലോ, നിങ്ങളുടെ കാറുമായി വേറെ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കിലോ നിങ്ങളും, ഡീലറും RF200 ഫോം പൂരിപ്പിക്കണം. ഒപ്പം Vehicle Licencing Certificate/  Vehicle Registration Certificate നല്‍കുകയും വേണം. ഇതിന് ശേഷം ഓണര്‍ഷിപ്പ് മാറ്റാനായി RF105 ഫോമും സമര്‍പ്പിക്കണം. ഇതില്‍,

  • 1993 ജനുവരി 1-ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കാറുകളുടെ ഓണ്‍ര്‍ഷിപ്പ് മാറ്റാനായി ലോക്കല്‍ മോട്ടോര്‍ ടാക്‌സ് ഓഫീസുമായി ബന്ധപ്പെടുക.
  • 1993 ജനുവരി 1-ന് ശേഷമുള്ളവയ്ക്കായി ലോക്കല്‍ മോട്ടോര്‍ ടാക്‌സ് ഓഫീസ് വഴിയോ, Vehicle Registration Unit at the Department of Transport, Tourism and Sport വഴിയോ ബന്ധപ്പെടാം.

കാര്‍ വാങ്ങിക്കഴിഞ്ഞാല്‍,

  • 2004 ഏപ്രിലിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കില്‍ Vehicle Registration Certificate and a Vehicle Licensing Certificate എന്നിവ ലഭിക്കും.
  • 2004 ഏപ്രിലിന് ശേഷമുള്ളവയ്ക്ക് Revised Vehicle Registration Certificate ലഭിക്കും.

വാഹനത്തിന്റെ രേഖയില്‍ നിന്നും പഴയ ഉടമയുടെ പേര് എല്ലായിടത്ത് നിന്നും ഒഴിവാക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പിഴ, ടാക്‌സ് എന്നിവയുടെയെല്ലാം ഉത്തവാദി പഴയ ഉടമ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.citizensinformation.ie/en/travel_and_recreation/motoring_1/buying_or_selling_a_vehicle/change_of_ownership.html

മോട്ടോര്‍ ഇന്‍ഷുറന്‍സ്

വാഹനം വാങ്ങിയ ശേഷം റോഡില്‍ ഇറക്കുന്നതിന് മുമ്പായി ഇന്‍ഷുറന്‍സ് അടച്ചിരിക്കണം. ഓരോ വാഹനത്തിനും തുക വ്യത്യസ്തമായിരിക്കും.

NCT Certificate

4 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള എല്ലാ കാറുകള്‍ക്കും NCT Certificate നിര്‍ബന്ധമാണ്. 4 മുതല്‍ 9 വരെ വര്‍ഷം പഴക്കമുള്ള കാറുകള്‍ ഓരോ രണ്ട് വര്‍ഷം കൂടുമ്പോളും NCTS സെന്ററില്‍ ടെസ്റ്റ് ചെയ്യണം. 10 വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ ഓരോ വര്‍ഷവും ടെസ്റ്റ് ചെയ്യണം.

നാല് വര്‍ഷത്തിലേറെ പഴക്കമുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുമ്പോള്‍ NCT Certificate ഉണ്ടെന്ന് ഉറപ്പുവരുത്തുക.

കൊമേഴ്ഷ്യല്‍ വാഹനങ്ങളാണെങ്കില്‍

കൊമേഴ്ഷ്യല്‍ വാഹനമാണ് വാങ്ങുന്നതെങ്കില്‍ അതിന് Certificate of Roadworthiness (CRW) ഉണ്ടെന്ന് ഉറപ്പുവരുത്തുക. CRW disc വിന്‍ഡിസ്‌ക്രീനില്‍, നമ്പര്‍ പ്ലേറ്റിനോട് പരമാവധി അടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കണം.

1 വര്‍ഷം പഴക്കമുള്ള കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ Commercial Vehicle Roadworthiness Vehicle Test (CVRT) പാസായിരിക്കണം. തുടര്‍ന്ന് ഓരോ വര്‍ഷവം ടെസ്റ്റ് ചെയ്യണം. CTVT ടെസ്റ്റ് ഹിസ്റ്ററി വാഹനത്തോടൊപ്പം ഉണ്ടായിരിക്കണം. വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഇത് ഉറപ്പുവരുത്തണം. ഇതില്‍ Odometer reading രേഖപ്പെടുത്തിയിരിക്കണം. ഓണ്‍ലൈനായി CRVT ചെക്ക് ചെയ്യാന്‍: https://operator.cvrt.ie/Vehicle/CRWExpiryTestReminder

കാര്‍ വാങ്ങിയ ശേഷം തര്‍ക്കം ഉണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ഡീലര്‍, ലേലം, സ്വകാര്യ വ്യക്തി എന്നിവരില്‍ ആരില്‍ നിന്നാണോ കാര്‍ വാങ്ങിയത്, അത് അനുസരിച്ചായിരിക്കും കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: