“കന്നിമാറായുടെ മഹാരാജാവ്, ക്രിക്കറ്റിന്റെ രഞ്ജി രാജാവ്”: ഡോ.ജോർജ് ലെസ്ലി

അയർലണ്ടിന്റെ പടിഞ്ഞാറൻ മേഖലയിലെ ഗാൾവേയിലാണ് ഗേലിക് സംസ്കാരത്തിന്റെ ഈറ്റില്ലമെന്ന് വിളിക്കപ്പെടുന്ന “കാന്നിമാറാ” എന്ന പ്രദേശം.ഓവെങ്ഗ്ളിൻ പുഴയുടെ തീരത്ത്, മനോഹരങ്ങളായ ട്വൽവ്ബെൻസ് പർവ്വതനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കാന്നിമാറാ , പ്രകൃതി സൗന്ദര്യത്തിന്റെ ഉത്തമമാതൃകയാണ്.ഐറിഷ് ഭാഷ മാത്രം സംസാരിക്കുന്ന ഗേയ്ലറ്റക്ട് ഗ്രാമങ്ങളിൽ വച്ച് ഏറ്റവും വലുതും, ചരിത്രപ്രധാനവുമായ കാന്നിമാറായുടെ തലസ്ഥാനം ഗ്ലിഫ്ഡെൽ എന്ന തീരദേശപട്ടണമാണ്.

ക്രിക്കറ്റിന് ഏറെ പ്രചാരം നല്കിയ ഇന്ത്യയിലെ നാവാനഗർ മഹാരാജാവ് രഞ്ജിത്ത് സിങ്ങിന്റെ അയർലണ്ട് സന്ദർശനവും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതവും കാന്നിമാറായുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ചരിത്രത്തിലെ ആദ്യത്തെ വെള്ളക്കാരനല്ലാത്ത ക്രിക്കറ്റർ, രഞ്ജി എന്ന് ആദരപൂർവ്വം വിളിക്കപ്പെട്ടിരുന്നു മഹാരാജാ രഞ്ജിത്ത് സിങ്ങ്ജി വിഭാജി.ഇദ്ധേഹത്തിന്റെ സ്മരണാർത്ഥമാണ് ഇന്ത്യയിൽ ‘രഞ്ജി ട്രോഫി’ മത്സരങ്ങൾ നടത്തപ്പെടുന്നത്.

മഹാരാജാ രഞ്ജിത്ത് സിങ്ങ്ജി

1924 ജൂലൈ പതിനേഴാം തിയതിയാണ് സ്വതന്ത്ര അയർലണ്ടിന്റെ മണ്ണിലേക്ക് ആദ്യമായി ഒരു വിദേശ രാജ്യത്തിന്റെ ഭരണാധികാരിയായ മഹാരാജാ രഞ്ജിത്ത് സിങ്ങ്ജി എത്തുന്നത്.ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജാവായിരുന്ന നാവാനഗറിലെ മഹാരാജാവായിട്ടായിരുന്നു അയർലണ്ട് സന്ദർശനം.തിളങ്ങുന്ന പട്ടുവസ്ത്രങ്ങളും, രത്നങ്ങൾ പതിച്ച തലപ്പാവും ധരിച്ച രാജാ രഞ്ജിത്ത് സിങ്ങ്ജിയെ ആദരപൂർവ്വം സ്വീകരിക്കാൻ എത്തിയത് ഐറിഷ് ഭരണാധികളടക്കം വൻജനാവലിയായിരുന്നു.

ഗാൾവേ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ പടക്കം പൊട്ടിച്ചും, ദീപങ്ങൾ അലങ്കരിച്ചു വെച്ചും രാജോചിതമായിതന്നെ മഹാരാജാവിനെ ആനയിച്ചു.ഗാൾവേ സന്ദർശത്തിനിടെ കാന്നിമാറായുടെ സൗന്ദര്യം രാജാവിന്റെ ഹൃദയം കീഴടക്കി.

ബാലിനഹിൻച് തടാകക്കരയിലെ അതിമനോഹരവും പുരാതനവുമായ കാസിലും പരിസരങ്ങളും രഞ്ജിത്ത് സിങ്ങ്ജിയുടെ മനസ്സിൽ പതിഞ്ഞു.ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പേ, മഹാരാജാവ് കാസിലിന്റെ അന്നത്തെ ഉടമയായിരുന്ന റിച്ചാർഡ് ബെറിഡ്ജിന്റെ കയ്യിൽ നിന്ന് കാസിലും മുപ്പതിനായിരം ഏക്കർ ഉദ്യാനഭൂമിയും വാങ്ങി.പിന്നീട് എല്ലാ വേനൽക്കാലങ്ങളിലും പതിവായി രാജാ രഞ്ജിത്ത് സിങ്ങ്ജി, തന്റെ പരിവാരങ്ങളുമായി ഇവിടെ എത്തുമായിരുന്നു.

വളരെക്കാലം രാജാവിന്റെ അയർലണ്ടിലെ സഹായികളിലൊരാളായിരുന്ന ഫ്രാങ്ക് കുമ്മിൻസിന്റെ ഓർമ്മകളിൽ, രാജാവിന്റെ ഒരോ വേനൽക്കാല കാന്നിമാറാ സന്ദർശനവും വലിയ ആഘോഷങ്ങളായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഗാൾവേയിൽ നിന്നും കാന്നിമാറായിലെ ,ബാലിനഹിൻച് കൊട്ടാരത്തിൽ എത്തുന്നതിന് മുമ്പേ ലിമോസിനുകളും മോട്ടോർ കാറുകളും തയ്യാറായി കിടക്കുമായിരുന്നു.സന്ദർശനാവസാനം പള്ളി വികാരികൾക്കടക്കം നാട്ടുകാർക്ക് സമ്മാനമായി അതൊക്കെ നല്കുക പതിവായിരുന്നു.

ബാലിനഹിൻച് കാസിലിന്റെ പരിസരങ്ങളിലെ തടാകങ്ങളിൽനിന്നും മീൻപിടിക്കുക രാജാവിന്റെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു.മഹാരാജാ രഞ്ജിത്ത് സിങ്ങ്ജിയുടെ ജീവചരിത്രമെഴുതിയിട്ടുള്ളത് പ്രസിദ്ധ ഐറിഷ് എഴുത്തുകാരിയായ ആൻ ചേ.ബഴ്സാണ്.അവിവാഹിതനായിരുന്ന രഞ്ജിത്ത് സിങ്ങ്ജിക്ക് എഡിത് എന്ന ഇംഗ്ലീഷ് പെൺകുട്ടി യുമായുള്ള രഹസ്യ പ്രണയത്തെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഏറഞ ആഢംബരപ്രിയനായിരുന്നുവെങ്കിലും തന്റെ നാട്ടുരാജ്യമായ നാവാനഗർ പോലെ തന്നെ കാന്നിമാറായെയും അദ്ദേഹം സ്വന്തമായി പരിഗണിച്ച് ധാരാളം വികസനപ്രവർത്തനങ്ങൾക്ക് സഹായിച്ചു.അതുകൊണ്ട് തന്നെയാണ് കാന്നിമാറായിലെ ജനങ്ങൾ ഇന്നും “മഹാരാജാ ഓഫ് കാന്നിമാറാ” എന്ന് രഞ്ജിത്ത് സിങ്ങ്ജി വിഭാജിയെ ആദരപൂർവ്വം അഭിസംബോധന ചെയ്യുന്നത്.രഞ്ജിത് സിങ്ജിയുടെ മരണശേഷം ബാലിനഹിൻച് കൊട്ടാരവും തടാകങ്ങളടക്കമുള്ള പൂന്തോട്ടങ്ങളും അനന്തരാവകാശികൾക്ക് നൽകി.ഇന്ന് ബാലിനഹിൻച് കാസിൽ, അയർലണ്ടിലെ അറിയപ്പെടുന്ന അത്യാഡംബര ഹോട്ടലാണ്.കാസിൽ റിസപ്ഷനിൽ മഹാരാജാ രഞ്ജിത്ത് സിങ്ജി വിഭാജിയുടെ ഒരു പൂർണ്ണ കായ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്.

കാന്നിമാറായോടുള്ള പ്രണയം കൊണ്ട് തന്നെയാണ് രഞ്ജിത്ത് സിങ്ങ്ജി, തന്റെ മരുമക്കളെ പഠിപ്പിക്കുവാനായി ബാലിനഹിൻച് കാസിലിനടുത്തുള്ള കെയ്ലമോർ ആബി ഇന്റർനാഷണൽ സ്കൂളിൽ ചേർത്തത്.ബനഡിക്ടൻ സിസ്റ്റേഴ്സിന്റെ അധീനതയിലായിരുന്ന കെയ്ലമോവ ആബി സ്കൂൾ സ്ഥിതി ചെയ്തിരുന്നത് ഒരു പുരാതന കാസിലിലായിരുന്നു.കാന്നിമാറായിലെ പോലകാപ്പൽ തടാകക്കരയിൽ,നാല്പതിനായിരത്തോളം ചതുരശ്ര അടിയിൽ എഴുപതോളം മുറികളുള്ള കെയ്ലമോർ ആബി ഇന്നും സന്ദർശകരുടെ കൗതുകകാഴ്ചയാണ്.

ഇന്തോ ഐറിഷ് ബന്ധത്തിന്റെ ഊഷ്മളമായ സൗഹൃദം പ്രതീകങ്ങളാണ് കൗണ്ടി ഗാൾവേയിലെ ” കാന്നിമാറായും”, മഹാരാജാ രഞ്ജിത്ത് സിങ്ജി വിഭാജിയും

Share this news

Leave a Reply

%d bloggers like this: