പ്രളയം: ജർമ്മനിയിലും ബെൽജിയത്തിലും 60-ലേറെ പേർ മരിച്ചു; പലരെയും കാണാതായി

ജര്‍മ്മനിയിലും, ബെല്‍ജിയത്തിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 60-ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും, പലരെയും കാണാതാകുകയും ചെയ്തു. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാഹനങ്ങള്‍ ഒലിച്ചുപോകുന്ന സ്ഥിതി വരെയുണ്ടായിരുന്നു. വടക്കന്‍ യൂറോപ്പിലുണ്ടായ കൊടുങ്കാറ്റാണ് നദികളിലും മറ്റും ജലനിരപ്പുയരാനും, വെള്ളപ്പൊക്കത്തിനും കാരണമായിരിക്കുന്നത്. കനത്ത മഴയും തീവ്രത വര്‍ദ്ധിപ്പിച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. എത്ര പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കൃത്യമായ കണക്ക് ലഭ്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കാണാതായവരെ കണ്ടെത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും മെര്‍ക്കല്‍ ഉറപ്പ് നല്‍കി.

ജര്‍മ്മനിയിലെ North Rhine-Westphalia സംസ്ഥാനത്ത് 30 പേരെങ്കിലും മരണപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. Rhineland-Palatinate സംസ്ഥാനത്ത് 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 8 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ജര്‍മ്മനിയില്‍ പ്രളയം ഏറ്റവും ബാധിച്ച ഗ്രാമങ്ങളിലൊന്നായ Schuld-ല്‍ ഏറെപ്പേര്‍ക്ക് വീടുകളും നഷ്ടമായി. റോഡുകള്‍ ബ്ലോക്കാകുകയും, ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് തടസം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ നദികള്‍ പോലും കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്.

വീടിന് മുകളില്‍ കുടുങ്ങിയ പല ആളുകളെയും ബോട്ടുകളിലും, ഹെലികോപ്റ്ററുകളിലുമായാണ് രക്ഷപ്പെടുത്തിയത്. നൂറുകണക്കിന് സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

അതേസമയം ദുരന്തം ബാധിച്ചവരെ സഹായിക്കുമെന്ന് EU Commission President Ursula von der Leyen ഉറപ്പ് നല്‍കിയിട്ടുണ്ട്.

ജര്‍മ്മനിയുടെയും ബെല്‍ജിയത്തിന്റെയും അയല്‍രാജ്യങ്ങളായ നെതര്‍ലണ്ട്‌സ്, ലക്‌സംബര്‍ഗ് എന്നിവിടങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിതസ്ഥാനത്തേയ്ക്ക് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: