അയർലണ്ടിൽ 1,501 പേർക്ക് കൂടി കോവിഡ്; HSE-യുടെ പേരിൽ വാക്സിനെപ്പറ്റി വ്യാജ മെസേജ് അയച്ച് പണം തട്ടുന്നത് ശ്രദ്ധയിൽപ്പെടുത്തി അധികൃതർ

അയര്‍ലണ്ടില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 1,501 പേര്‍ക്ക്. നിലവില്‍ 169 പേര്‍ രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. 23 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

അതേസമയം രാജ്യം കോവിഡിന്റെ കാര്യത്തില്‍ ‘സുപ്രധാന വഴിത്തിരിവിലെത്തിയിരിക്കുകയാണ്’ എന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലഹാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. നിലവിലെ വേഗതയില്‍ ചെറുപ്പക്കാര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ ഏറെ വൈകാതെ തന്നെ വൈറസിനെതിരെ രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും പ്രതിരോധേഷി കൈവരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

ജലദോഷം, പനി, കഫക്കെട്ട്, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, രുചി, മണം എന്നിവയില്‍ വ്യത്യാസം അനുഭവപ്പെടുക, തലവേദന, തൊണ്ടയിലെ അസ്വസ്ഥത, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിങ്ങനെ ഏത് രോഗലക്ഷണം ഉണ്ടായാലും അവര്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണമെന്നും, രാജ്യത്തെ എല്ലാ കൗണ്ടികളിലും ലഭ്യമായ ടെസ്റ്റിങ് സെന്ററുകള്‍ വഴി കോവിഡ് ടെസ്റ്റ് നത്തണമെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ Dr Ronan Glynn-ഉം പറഞ്ഞു. രാജ്യത്ത് 14 ദിവസത്തെ ഏറ്റവുമധികം ശരാശരി കേസുകളുള്ള കൗണ്ടികള്‍ Donegal (100,000-ല്‍ 954 പേര്‍ക്ക്), Louth (633), Galway (516), Laois (496), Monaghan (443) എന്നിവിടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ HSE-യില്‍ നിന്നെന്ന പേരില്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വ്യാജ മെസേജുകള്‍ ലഭിക്കുന്ന കാര്യവും അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തി. വാക്‌സിനുകള്‍ക്കായി നേരത്തെ ബുക്ക് ചെയ്യാമെന്ന് വാഗ്ദാനം നല്‍കുകയും, ഇതിനായി ഒരു ലിങ്ക് അയച്ചുനല്‍കിയ ശേഷം പേയ്‌മെന്റ് പേജ് വഴി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ മനസിലാക്കിയെടുക്കുകയും ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ്. ഇത്തരത്തിലുള്ള മെസേജുകളൊന്നും തങ്ങള്‍ അയയ്ക്കുന്നില്ലെന്നും, ഇവയോട് പ്രതികരിക്കരുതെന്നും HSE അറിയിച്ചു. വാക്‌സിനെടുക്കാന്‍ പണം നല്‍കേണ്ടതില്ലെന്നും, ബാങ്ക് വിവരങ്ങള്‍ കൊടുക്കേണ്ടതില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തരം തട്ടിപ്പ് മെസേജുകള്‍ ലഭിക്കുന്നവര്‍ക്ക് 1800 700 700 എന്ന നമ്പറില്‍ HSELive-മായി ബന്ധപ്പെടാം. ഗാര്‍ഡയുടെ സഹായവും തേടാവുന്നതാണ്.

കോവിഡ് പ്രതിരോധ വാക്‌സിന് രജിസ്റ്റര്‍ ചെയ്യാനായി https://vaccine.hse.ie എന്ന വെബ്‌സൈറ്റ് ഉപയോഗിക്കണമെന്നും HSE അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ രജിസ്റ്റര്‍ ചെയ്താല്‍ വാക്‌സിന്‍ അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍, വാക്‌സിനെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ഒരു ലിങ്ക്, വാക്‌സിനെടുക്കാന്‍ ഓണ്‍ലൈനായി സമ്മതം നല്‍കുന്നതിനായി മറ്റൊരു ലിങ്ക് എന്നിവ ടെക്സ്റ്റ് മെസേജായി HSE-യില്‍ നിന്നും ലഭിക്കും. ഈ സേവനങ്ങള്‍ക്കൊന്നും തന്നെ പണം നല്‍കേണ്ടതില്ല.

Share this news

Leave a Reply

%d bloggers like this: